കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന സിനിമ ചിത്രീകരണം ചൊവ്വാഴ്ച മുതല്‍ വീണ്ടും തുടങ്ങുന്നു. സിനിമ മേഖലയിലെ വിവിധ സംഘടന പ്രതിനിധികളുടെ യോഗത്തില്‍ മാര്‍ഗരേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്.
കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒടിടി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാര്‍ഗ രേഖ ബാധകമായിരക്കും. സിനിമ ചിത്രീകരണ സംഘത്തില്‍ 50 പേര്‍ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പുള്ള കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമാ സംഘത്തിലുള്ളവര്‍ ലൊക്കേഷനില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല തുടങ്ങിയവയാണ് മാര്‍ഗരേഖകള്‍.
ലൊക്കേഷനിലെത്തുന്ന സന്ദര്‍ശകര്‍ക്കും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ആര്‍ടിപിസിആര്‍ നടത്തുന്ന ഐസിഎംആര്‍ അംഗീകാരമുള്ള മൊബൈല്‍ ലാബുമായി പ്രൊഡ്യൂസര്‍ നേരിട്ട് കരാറില്‍ ഏര്‍പ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസള്‍ട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറിന്റേയും ഇ-മെയിലില്‍ ലഭ്യമാക്കണം.
സെറ്റില്‍ രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കില്‍ രേഖപ്പെടുത്തണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് വിഭാഗം, കോസ്റ്റിയൂം വിഭാഗം എന്നിവര്‍ ജോലി സമയത്ത് കൈയുറകളും മാസ്‌കും ധരിക്കണം. സെറ്റിലെ ഓരോ അംഗത്തിനും ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം. കഴിയുന്നതും പേപ്പര്‍ ഗ്ലാസുകളും, പ്ലേറ്റുകളും ഉപയോഗിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.