കോഴിക്കോട്: തിരഞ്ഞെടുപ്പിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കുമെന്ന ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ പ്രസ്താവന വിവാദമാകുന്നു. തന്റെ വിജയസാധ്യതയിലുള്ള അമിത ആത്മവിശ്വാസം പ്രകടിപ്പിക്കാൻ അൻവർ ഉപയോഗിച്ച ഈ വാക്കുകൾ, തല മൊട്ടയടിച്ചവരെ അവഹേളിക്കുന്നതാണെന്ന ആരോപണവുമായി ‘മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ’ രംഗത്തെത്തി.
മൊട്ടയടിക്കുന്നതിനെയും കമ്മലിടുന്നതിനെയും പരാജയത്തിന്റെയോ ദുരന്തത്തിന്റെയോ അടയാളമായി ചിത്രീകരിക്കുന്ന രാഷ്ട്രീയക്കാരന്റെ ശൈലി അംഗീകരിക്കാനാവില്ലെന്ന് സംഘടനയുടെ പ്രസിഡന്റും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ സജീഷ് കുട്ടനെല്ലൂർ വ്യക്തമാക്കി. ബോഡി ഷെയിമിങ്ങിനെതിരെ സമൂഹം ജാഗ്രത പാലിക്കുന്ന കാലത്ത് ഇത്തരം പരാമർശങ്ങൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മൊട്ടയടിക്കുന്നത് അപമാനമല്ലെന്നും അതൊരു വ്യക്തിയുടെ ഇഷ്ടവും ആത്മവിശ്വാസവുമാണെന്ന് സജീഷ് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട് തെരുവിലൂടെ നടക്കുന്ന ഒരാളെ ചിത്രീകരിക്കാൻ മൊട്ടത്തലയെ ഉദാഹരണമാക്കിയത് ശരിയായില്ല. മുടിയില്ലാത്തത് വലിയൊരു കുറവായി കാണുന്ന സാമൂഹികാവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് തങ്ങൾ ശ്രമിക്കുന്നത്. മൊട്ടയടിച്ചതിന്റെ പേരിൽ വിവാഹം മുടങ്ങുന്നവരും പരിഹസിക്കപ്പെടുന്നവരും ഇന്നും നമുക്കിടയിലുണ്ട്. അൻവറിന്റെ പരാമർശത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘടനയുടെ ഫോണിലേക്ക് പ്രതിഷേധ സന്ദേശങ്ങൾ വരുന്നുണ്ടെന്നും പൊതുപ്രവർത്തകർ സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും സജീഷ് കൂട്ടിച്ചേർത്തു.
2023 ഡിസംബറിൽ തൃശൂരിൽ വെച്ച് യാദൃശ്ചികമായാണ് ‘മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ’ രൂപീകൃതമാകുന്നത്. ഒരു സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ സദസ്സിലുണ്ടായിരുന്ന മൊട്ടത്തലയന്മാരെ വേദിയിലേക്ക് വിളിച്ചതിൽ നിന്നാണ് ഈ വ്യത്യസ്തമായ കൂട്ടായ്മയുടെ തുടക്കം. നിലവിൽ 40 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം മലയാളി അംഗങ്ങൾ ഈ സംഘടനയിലുണ്ട്. ഡോക്ടർമാർ, പൈലറ്റുമാർ, പോലീസുകാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഇതിൽ അണിനിരക്കുന്നു. ‘സ്റ്റോപ്പ് ബോഡി ഷെയിമിംഗ്’ എന്ന ലക്ഷ്യത്തോടെ നിരവധി ക്യാമ്പെയ്നുകൾ ഇവർ ഇതിനോടകം നടത്തിക്കഴിഞ്ഞു. തല മൊട്ടയടിച്ചതിന്റെ പോസിറ്റീവ് അനുഭവങ്ങൾ കോർത്തിണക്കി ‘മൊട്ട ആത്മവിശ്വാസത്തിന്റെ തല’ എന്ന പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടനയിപ്പോൾ.
‘Motta Global Foundation’ has strongly criticized UDF candidate P.V. Anwar for his comment stating he would shave his head and wear earrings if he loses the Beypore election. Organization president Sajeesh Kuttanellur stated that shaving one’s head is a matter of pride and confidence, not a symbol of failure or shame as portrayed by the politician. The foundation, which has over 2,000 members across 40 countries, works actively against body shaming and promotes the dignity of bald individuals.


