പത്തനംതിട്ട:അടൂർ പട്ടാഴിമുക്ക് അപകടത്തിൽ ലോറിയിലേക്ക് കാർ മനപ്പൂർവം ഇടിച്ചുകയറ്റിയതാണെന്ന് മോട്ടോർ വാഹനവകുപ്പിന്‍റെ കണ്ടെത്തൽ. കാർ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. പട്ടാഴിമുക്ക് അപകടത്തിൽ കൂടുതൽ വ്യക്തത വരുന്നതാണ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ നിര്‍ണായക കണ്ടെത്തല്‍.
ഇക്കഴിഞ്ഞ 28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനിയും അധ്യാപികയുമായ അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കാര്‍ അമിത വേഗതയില്‍ വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറും മൊഴി നല്‍കിയിരുന്നത്. ഇതേ കാര്യമാണിപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പും സ്ഥിരീകരിക്കുന്നത്.
കാർ അമിത വേഗതയിലായിരുന്നുവെന്നും ഒരു സ്ഥലത്ത് പോലും ബ്രേക്ക് ചെയ്തിട്ടില്ലെന്നും കണ്ടെയ്നർ ലോറിയിലേക്ക് ഹാഷിം കാർ ഓടിച്ച് കയറ്റിയതാണെന്നും മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനയിൽ തെളിഞ്ഞു. ലോറിയുടെ മുന്നിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ഇടിയുടെ ആഘാതം കൂട്ടി.
കാറിന് എയർ ബാഗുകളും ഇല്ലായിരുന്നു. മനപ്പൂർവം ഉണ്ടാക്കിയ അപകടം എന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിക്കുമ്പോൾ അതിന്‍റെ കാരണം കണ്ടേത്തേണ്ടത് പൊലീസ് ആണ്. അനുജയെ ഇല്ലാതാക്കി ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ചതാണോ? അല്ലെങ്കിൽ ഇരുവരും അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് കാർ ഓടിച്ചു പോയതാണോ? അനുജയുടെയും ഹാഷിമിന്‍റെയും ഫോണുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യങ്ങള്‍ വ്യക്തമാകും.