ഇന്ത്യ സഖ്യ ശക്തി പ്രകടനമായി മഹാറാലി, അണിനിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ; വേദിയിൽ കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് സുനിതാ കെജ്‌രിവാള്‍
ന്യൂഡല്‍ഹി:മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അണി നിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവർക്കൊപ്പം കെജ്‌രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കല്പനയും വേദിയിൽ സന്നിഹിതരായി .മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിതാ കെജ്‌രിവാള്‍. പുതിയ ഭാരതത്തെ പടുത്തുയര്‍ത്തുമെന്ന് കെജ്‌രിവാള്‍ സന്ദേശത്തില്‍ പറയുന്നു.
ശത്രുതയില്ലാതെ പുതിയ ഭാരതം സൃഷ്ടിക്കണണെന്നും സന്ദേശത്തിലുണ്ട്. കെജ്‌രിവാളിന്റെയും ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹി രാംലീല മൈതാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോകതന്ത്ര ബച്ചാവോ മഹാ റാലി സംഘടിപ്പിച്ചത്.
താന്‍ ജയിലിലിരുന്ന് വോട്ട് അഭ്യര്‍ഥിക്കുകയല്ല. പുതിയ ഒരു ഭാരതം നിര്‍മിക്കണം. നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസ, ആരോഗ്യ, രംഗങ്ങളില്‍ നമ്മള്‍ ഏറെ പിറകിലാണ്. താന്‍ ഇപ്പോള്‍ ജയിലിലായതിനാല്‍ ചിന്തിക്കാന്‍ ധാരാളം സമയമുണ്ട്. ഭാരതത്തെക്കുറിച്ചാണ് തന്റെ ചിന്തകള്‍. രാജ്യം വേദനയോടെ നിലവിളിക്കുകയാണെന്നും കെജ്‌രിവാള്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയിലില്‍ നിന്നും കെജ്‌രിവാള്‍ നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സുനിതാ സമ്മേളനത്തില്‍ വായിച്ചു. രാജ്യവ്യാപകമായി 24 മണിക്കൂര്‍ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകള്‍, സ്വാമിനാഥന്‍ കമ്മിറ്റി പ്രകാരം വിളകള്‍ക്ക് താങ്ങുവില, ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി തുടങ്ങിയവയാണ് കെജ്‌രിവാളിന്റെ വാഗ്ദാനങ്ങള്‍.
കോണ്‍ഗ്രസിനും സി.പി.ഐ.ക്കുമുള്ള ആദായനികുതിവകുപ്പ് നോട്ടീസുകളില്‍ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുള്ളതാണ് ഞായറാഴ്ചത്തെ റാലി. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രില്‍ ഒന്നുവരെ നീട്ടിക്കൊണ്ട് ഡല്‍ഹി റൗസ് അവന്യു കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.