തിരുവനന്തപുരം: അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കേസില്‍ പ്രതിയായ അമ്മ. മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും തന്നോടുള്ള വിരോധം തീര്‍ക്കാന്‍ ഭര്‍ത്താവ് മകനെ കരുവാക്കിയതാണെന്നും ജാമ്യാപേക്ഷയില്‍ പ്രതി വ്യക്തമാക്കി.
അതേസമയം, മകനെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അമ്മ കുറ്റക്കാരിയാണെന്നു തെളിയിക്കുന്ന വ്യക്തമായ സൂചനകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കേസ് ഡയറി ഹാജരാക്കി.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി 10 ദിവസം ഹോസ്റ്റലില്‍ താമസിപ്പിച്ചു വിദഗ്ധ കൗണ്‍സലിങ് നടത്തിയതിനു ശേഷമാണു കുട്ടി പറയുന്നതു ശരിയാണെന്നു കണ്ടെത്തിയതെന്നും തുടര്‍ന്നാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനു റഫര്‍ ചെയ്തതെന്നും സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സുമന് ചക്രവര്‍ത്തി ഹൈക്കോടതിയെ അറിയിച്ചു.