കൊല്ലം: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി യുവതിയുടെ മാതാവ്. നല്‍കിയ കാറ് പോരെന്നും 10 ലക്ഷം രൂപ വേണമെന്നുമൊക്കെ കിരണ്‍ ആവശ്യപ്പെട്ടിരുന്നു. പണം തരാന്‍ കഴിയില്ലെങ്കില്‍ കാറ് വിറ്റ് നല്‍കണമെന്നും കിരണ്‍ ആവശ്യപ്പെട്ടിരുന്നു എന്ന് മാതാവ് പ്രതികരിച്ചു.
”10 ലക്ഷം രൂപ വേണം, കാറ് വേണം, ഈ വണ്ടി പോര, വേറെ വണ്ടി വേണം, അതല്ലെങ്കില്‍ വണ്ടി വിറ്റ് പണം കൊടുക്കണം അങ്ങനെയൊക്കെ പറഞ്ഞ് ഒരുപാട് പീഡിപ്പിക്കുമായിരുന്നു. മരണത്തിനു തലേന്ന് ഉച്ചക്ക് വിസ്മയ വിളിച്ചിരുന്നു. അടുത്ത മാസം പരീക്ഷയാണ്. കുറച്ച് പണം അക്കൗണ്ടില്‍ ഇട്ട് തരണം എന്ന് പറഞ്ഞു. കിരണ്‍ പണം തരില്ലെന്നും വഴക്ക് പറയും എന്നുമാണ് അവള്‍ പറഞ്ഞത്. കയ്യിലുള്ള പണം അക്കൗണ്ടില്‍ ഇട്ട് തരാമെന്ന് ഞാന്‍ പറഞ്ഞു.
ജോലിക്ക് വിടുന്നതൊന്നും കിരണിന് ഇഷ്ടമല്ലായിരുന്നു. സര്‍ക്കാര്‍ ജോലി അല്ലാതെ മറ്റ് ജോലികള്‍ക്ക് പോകണ്ടെന്ന് പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും പഠിച്ച് ജോലി വാങ്ങണം എന്ന് അവള്‍ക്കുണ്ടായിരുന്നു. കൂട്ടുകാരൊക്കെ പറയുമായിരുന്നു, പഠിച്ച് ജോലി കിട്ടുമ്പോള്‍ കിരണിന്റെ സ്വഭാവം മാറുമെന്ന്. കിരണിന്റെ അമ്മ മോന്റെ സൈഡിലേ നില്‍ക്കൂ. അതും ഇതുമൊക്കെ പറയുമായിരുന്നു. കിരണ്‍ ദേഷ്യക്കാരനാണ്. അപ്പോള്‍ അടിക്കും, വീട്ടുകാരെ പറയും.
ഇവിടെ വീട്ടില്‍ ഫോണ്‍ വിളിക്കാനോ മെസേജ് ചെയ്യാനോ ഒന്നും സമ്മതിക്കുമായിരുന്നില്ല. അപ്പോള്‍ അമ്മയെ എങ്കിലും വിളിക്കട്ടെ അന്ന് അവള്‍ പറഞ്ഞു. അങ്ങനെയാണ് എന്നെ വിളിച്ചിരുന്നത്. അവന്‍ ജോലിക്ക് പോയാല്‍ എന്നെ വിളിക്കും. കുളിമുറിയിലൊക്കെ പോയാണ് വിളിക്കുന്നത്. മെസേജ് ചെയ്യരുതെന്ന് എന്നോട് പറഞ്ഞിരുന്നു. അവന്‍ കണ്ടാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കും. ഇപ്പോള്‍ തന്നെ ഇത് അഞ്ചാമത്തെ ഫോണ്‍ ആണ്.”- അമ്മ പറഞ്ഞു.
”കാര്‍ ആയിരുന്നു പ്രശ്‌നം. ഇതില്‍ മൈലേജ് കിട്ടില്ല, വേറെ വണ്ടി വേണം എന്നതായിരുന്നു പ്രശ്‌നം. വേറെ കാര്‍ വാങ്ങിത്തരാനോ വിറ്റ് തരാനോ കഴിയില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. അല്ലെങ്കില്‍ 10 ലക്ഷം രൂപ തരണം എന്നായിരുന്നു. അതും പറ്റില്ലെന്ന് പറഞ്ഞു. മകളോട് പറഞ്ഞത്, കുറച്ചുകൂടി നോക്കിയിട്ട് ഇവന്റെ സ്വഭാവം നോക്കിയിട്ട് പണം തരാമെന്നായിരുന്നു. പൊലീസ് കേസ് ആയതിനു ശേഷം മാര്‍ച്ച് 25ആം തീയതി എന്‍എസ്എസുകാര്‍ യോഗം വച്ചിരുന്നതാണ്. 17ന് അവന്റെ ബര്‍ത്ത്‌ഡേ ആയിരുന്നു. അന്ന് കോളജ് പരീക്ഷ കഴിഞ്ഞിട്ട് അവന്‍ വിളിച്ചുകൊണ്ട് പോയി. അവിടെ എത്തിയിട്ടാണ് വിസ്മയ കാര്യം അറിയിച്ചത്. പിന്നെ ചര്‍ച്ച നടന്നുമില്ല. അവര്‍ ഇവിടേക്ക് വന്നിട്ടുമില്ല.”- അമ്മ പറഞ്ഞു.