കോഴിക്കോട് ആറ് വയസുകാരിയുടെ കൊലപാതകം; അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കോഴിക്കോട്: പയ്യാനക്കലില്‍ അമ്മ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കൊലപാതകം നടക്കുമ്പോള്‍ അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കേസില്‍ കുറ്റപത്രം ഉടന്‍ ഉണ്ടാകും.

അന്ധവിശ്വാസമാണ് കൊലയ്ക്ക് കാരണമായത്. മന്ത്രവാദത്തിലും പ്രേതബാധയിലുമൊക്കെ യുവതി അന്ധമായി വിശ്വസിച്ചിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചതിന് പിന്നില്‍ അന്ധവിശ്വാസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ പ്രശ്‌നങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവതിയെന്നും കണ്ടെത്തലുണ്ട്.

ആറ് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മ സമീറ മാത്രമാണ് കൊലനടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്, സമീറയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നാട്ടുകാരുടെ ആരോപണം കണക്കിലെടുത്ത് പോലീസ് അവരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സമീറയെ പോലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പക്ഷെ രണ്ട് ദിവസത്തെ പരിശോധനയില്‍ അമ്മ സമീറയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യത്തെ നിഗമനം. ഇതിന് പിന്നാലെയാണ് കൊലപാതകം നടക്കുമ്പോള്‍ അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയാണ് ആറ് വയസ്സുകാരി ആയിശ രഹനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് അമ്മയെ പ്രതിചേര്‍ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News