മകള്‍ക്ക് കൂടുതല്‍ ഇഷ്ടം അച്ഛനോട്; മൂന്നു വയസുകാരിയെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

ബംഗളൂരു: ടി.വി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അച്ഛനെ പിന്തുണച്ച മൂന്നു വയസുകാരിയെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു. മല്ലതഹള്ളിയില്‍ താമസിക്കുന്ന ഇരുപത്തിയാറുകാരിയായ സുധയാണ് മൂന്നുവയസുകാരിയായ മകള്‍ വിനുതയെ കൊലപ്പെടുത്തിയത്.

സുധയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനായ ഈരണ്ണ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തി. ഈ സമയം വിനുത ടിവി കാണുകയായിരുന്നു. വാര്‍ത്ത കാണുന്നതിനായി ഈരണ്ണ ചാനല്‍ മാറ്റി. ഇതില്‍ പ്രകോപിതയായ സുധ ഈരണ്ണയുമായി വഴക്കുണ്ടാക്കി.

വഴക്കില്‍ മകള്‍ ഇടപെടുകയും അമ്മയോട് മിണ്ടാതിരിക്കാനും പിതാവ് വാര്‍ത്ത കാണട്ടെ എന്നും പറഞ്ഞു. ഇതോടെ നിയന്ത്രണം നഷ്ടമായ സുധ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച വൈകീട്ട് കുട്ടിയെ കാണാനില്ലെന്നറിയിച്ച് സുധ പോലീസില്‍ പരാതി നല്‍കി.

ബുധനാഴ്ച കുട്ടിയുടെ ശരീരം കണ്ടെടുത്ത പോലീസ് സുധയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്തതോടെ സുധ കുറ്റം സമ്മതിക്കുകയായിരുന്നു. മകള്‍ക്ക് പിതാവിനോടായിരുന്നു കൂടുതല്‍ ഇഷ്ടമെന്നും ഇതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും സുധ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News