കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെ കയ്യടി നേടിയ ബാബുരാജ് പിന്നീട് ഹാസ്യ താരമായും നായകനായുമെല്ലാം തിളങ്ങുകയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ബാബുരാജ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ താര സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗവുമാണ് ബാബുരാജ്.
ഈയ്യടുത്ത് മലയാളത്തിലെ ഒരു പ്രമുഖ നടന്റെ കാറില്‍ നിന്നും മയക്കുമരുന്ന് പിടിച്ചുവെന്നും അത് പുറം ലോകം അറിഞ്ഞിരുന്നുവെങ്കില്‍ മലയാള സിനിമ തന്നെ തകര്‍ന്നേനെ എന്നും ബാബുരാജ് പറഞ്ഞത് വലിയ വിവാദമായിരുന്നു. അതേക്കുറിച്ച് ഇപ്പോഴിതാ മനസ് തുറക്കുകയാണ് ബാബുരാജ്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്.
ആരാണ് ആ നടന്‍ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പക്ഷെ പേര് പറയാന്‍ ബാബുരാജ് കൂട്ടാക്കിയില്ല. നമ്മുടെ ആളുകള്‍ക്ക് തന്നെ അറിയാം എന്തൊക്കെയാണ് നടക്കുന്നത് എന്ന്. അവര്‍ തന്നെ ഒരു തീരുമാനം എടുക്കട്ടെ. എന്നോടിത് പറഞ്ഞത് നര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പിയാണെന്നും ബാബുരാജ് പറയുന്നുണ്ട്. ഒരു പ്രമുഖ നടനെ താന്‍ അമ്മയുടെ യോഗത്തിനിടെ ഓടിച്ചിട്ട് തല്ലിയ സംഭവത്തെക്കുറിച്ചും ബാബുരാജ് സംസാരിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. അമ്മയില്‍ വളരെ രൂക്ഷമായ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയമാണ്. ഒപ്പിട്ടിട്ടേ അഭിനയിക്കാന്‍ പാടുള്ളൂ എന്നൊക്കെ ഉണ്ടായിരുന്ന കാലം. ആ സമയത്ത് ഞാന്‍ എഴുന്നേറ്റ് നിന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ ഈ നടന്‍ എഴുന്നേറ്റ് എന്റെ എതിരായി സംസാരിച്ചു. ഞാന്‍ ഡയസിനോടാണ് പറയുന്നത് അത് കഴിഞ്ഞിട്ട് നിങ്ങള്‍ പറഞ്ഞോളൂവെന്ന് ഞാന്‍ അയാളോട് പറഞ്ഞു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. ഞാന്‍ അയാളെ പിടിച്ച് ഒന്ന് കൊടുത്തു. അയാള്‍ പോയി വീണു. അങ്ങനെ ആകെ പ്രശ്‌നമായി. അന്നത്തെ സ്പിരിറ്റില്‍ സംഭവിച്ചതാണെന്നാണ് സംഭവത്തെക്കുറിച്ച് ബാബുരാജ് പറയുന്നത്.
അമ്മ സംഘടനയിലെ അംഗമല്ലാതിരുന്ന യുവനടന്മാര്‍ ഇപ്പോള്‍ അംഗത്വം എടുക്കുന്നതിനെക്കുറിച്ചും ബാബുരാജ് അഭിപ്രായം പങ്കുവെക്കുന്നുണ്ട്. സംഘടനയിലേക്ക് വരുന്നത് വളരെ നല്ലതാണ്. ഇപ്പോഴത്തെ കാലത്ത് എല്ലാവര്‍ക്കും സംഘടനയുണ്ട്. പോലീസുകാര്‍ക്കും സംഘടനയുണ്ട്. അവര്‍ വരാന്‍ ഇത്തിരി വൈകിയെന്നേ എനിക്കുള്ളൂവെന്നും താരം പറയുന്നു. പിന്നാലെ അമ്മയിലെ അംഗമാക്കുന്ന പ്രക്രിയയെക്കുറിച്ചും ബാബുരാജ് വിശദമായി സംസാരിക്കുന്നുണ്ട്.
കുറഞ്ഞത് മൂന്ന് സിനിമയില്‍ അഭിനയിക്കണം. അവിടെയുളള എല്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ക്കും വീറ്റോ പവറുണ്ട്. ഒരാള്‍ നോ പറഞ്ഞാല്‍ എടുക്കില്ല. ഇഷ്ടം പോലെ തവണ നോ പറയുകയും ചെയ്തിട്ടുണ്ട്. ഒരു മെമ്പര്‍ഷിപ്പിന് രണ്ട് ലക്ഷവും ജിഎസ്ടിയും ആണ് അംഗത്വ ഫീസ്. പക്ഷെ ഒരു വര്‍ഷം ഒരു അംഗത്തിനായി അമ്പതിനായിരം രൂപ ചെലവാക്കുന്നുണ്ട്. അഞ്ച് ലക്ഷം പ്ലസ് വരുന്ന ഇന്‍ഷുറന്‍സ് കവറേജുണ്ട്. കൈനീട്ടമടക്കമുള്ള ചെലവുകളുണ്ട്. അതിനാല്‍ ഒരാളെ എടുത്താല്‍ ജീവിതകാലം മുഴുവന്‍ നോക്കേണ്ട കടമ സംഘടനയ്ക്കുണ്ട് എന്നാണ് ബാബുരാജ് പറയുന്നത്.
ഗോള്‍ഡ് ആണ് ബാബുരാജ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. നല്ല നിലാവുള്ള രാത്രിയാണ് ബാബുരാജ് അഭിനയിക്കുന്ന പുതിയ സിനിമ. സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ജിലു ജോസഫ്, ഗണപതി, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ മർഫി ദേവസ്സിയാണ് സിനിമയുടെ സംവിധാനം.