‘മോഹൻലാലിന്റെ കൂടെ ചെയ്ത സിനിമ വിജയിച്ചില്ല; ചേച്ചി എന്നെ സഹായിക്കാമോയെന്ന് നയൻ‌താര’ ചാർമിള പറഞ്ഞത്

കൊച്ചി:ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിൽ നിറഞ്ഞുനിന്ന നടിയാണ് ചാർമ്മിള. മലയാളത്തിലേയും തമിഴിലേയും തിരക്കേറിയ നായികയായിരുന്നു താരം. രണ്ടു ഭാഷകളിലെയും മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ചാർമിളയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളിൽ നായികയായിരുന്നു താരം. സിനിമ പോലെ തന്നെ ചാര്‍മിളയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.

വ്യക്തി ജീവിതത്തിലെ താളപ്പിഴകൾ കരിയറിനെ ബാധിച്ചതോടെ ഇടക്കാലത്ത് ചാർമിള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. പിന്നീട് അഭിനയത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും അത്ര ശോഭിക്കാൻ താരത്തിന് കഴിഞ്ഞില്ല. എന്നാൽ ഇപ്പോഴും സിനിമകളിൽ സജീവമായി നിൽക്കാനുള്ള ശ്രമത്തിലാണ് ചാർമിള. അടുത്തിടെ അഭിമുഖങ്ങളിലൂടെ ചാർമിള വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സംഭവിച്ചതിനെ കുറിച്ചൊക്കെ താരം തുറന്നു പറയുകയുണ്ടായി.

charmila nayanthara

ഒരു അഭിമുഖത്തിൽ ചാർമിള നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. നയൻ‌താര തമിഴിലേക്ക് എത്താൻ കാരണക്കാരിയായത് തന്നാണെന്നാണ് ചാർമിള പറയുന്നത്. അതേസമയം, വീഡിയോക്ക് താഴെ നയൻ‌താര ആരാധകരുടെ നിരവധി കമന്റുകളും നിറയുന്നുണ്ട്.

ഏഷ്യാനെറ്റിലെ ഒരു പരിപാടിയ്ക്കിടെയാണ് താൻ നയൻതാരയെ ആദ്യമായി നേരിൽ കാണുന്നതെന്നാണ് ചാർമിള പറയുന്നത്. ‘ചേച്ചി അഭിനയിച്ച കാബൂളിവാല കണ്ടിട്ടുണ്ട് നല്ല ചിത്രമായിരുന്നു എന്ന് പറഞ്ഞാണ് നയൻ‌താര സംസാരിക്കാൻ വരുന്നത്. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. ആ സമയത്ത് ഞാൻ കൊച്ചിയിലാണ്. പിന്നീട് നയൻതാരയെ സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്’,

‘അങ്ങനെ ഒരു ദിവസം സംസാരത്തിനിടെ നയൻതാര പറഞ്ഞു, ‘ചേച്ചി ഞാൻ മോഹൻലാൽ സാറിന്റെ കൂടെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ സിനിമ അത്ര കാര്യമായിട്ട് വിജയിച്ചില്ല. എനിക്ക് തമിഴിൽ സിനിമ ചെയ്യാൻ താല്പര്യം ഉണ്ട്. ചേച്ചി ഒന്ന് സഹായിക്കുമോ’ എന്ന്.

അങ്ങനെ ഞാൻ എസ്.എസ് മ്യൂസിക്കിന്റെ പിആർഓയോട് ഇതേക്കുറിച്ച് സംസാരിച്ചു. ഒരു പെൺകുട്ടി ഉണ്ട്, ഒന്ന് സഹായിക്കണം എന്ന് പറഞ്ഞു നമ്പർ കൊടുത്തു. അങ്ങനെ അവർക്ക് ആ സഹായം കിട്ടി അവർ തമിഴ് സിനിമയിലെത്തി’, എന്നാണ് ചാർമ്മിള പറയുന്നത്.

charmila nayanthara

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. ‘എന്തു പറഞ്ഞാലും നയന്‍താര സ്വന്തം കഴിവുകൊണ്ടും കഠിന പരിശ്രമം കൊണ്ടുമാണ് ലേഡി സൂപ്പർസ്റ്റാർ ആയത്. ഒരു അവസരം കൊണ്ട് മാത്രം ഒരാൾക്കും വിജയിക്കാൻ കഴിയില്ല. ഇപ്പോൾ നയൻ‌താര വിളിക്കാറുണ്ടോ, അറ്റ്ലീസ്റ്റ് കല്യാണത്തിനെങ്കിലും വിളിച്ചോ? ആ നയൻ‌താര ഇന്ന് എവിടെയാണ് നിൽക്കുന്നത്. ഒരു സിനിമയ്ക്ക് നയൻ‌താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

‘ഈ സംസാരിക്കുന്ന ചാർമിള ഒരുകാലത്ത് വലിയ നടിയായിരുന്നു. ഫിലിം ഫീൽഡിൽ എല്ലാവരും ഇതുപോലെയാണ് എത്തിയിട്ടുള്ളത്. തലവരയ്ക്കൊപ്പം ഹാർഡ് വർക്കും ചെയ്താൽ എവിടെയാണെങ്കിലും എത്തും. പിന്നെ പണ്ടത്തെ ആളുകൾ പറയുന്നത് പോലെ ഓരോരുത്തരുടെ തലയിൽ വിധിച്ചത് അതുപോലെ നടക്കും. ഇതൊക്കെ ഓരോരോ നിമിത്തങ്ങൾ മാത്രം. നയൻ‌താരക്ക് ഇതൊക്കെ ഇപ്പോൾ ഓർമ്മയുണ്ടാകുമോ എന്തോ. ഇതൊക്കെ സത്യമാണെങ്കിൽ നയൻ‌താര ഇവരെ ഉറപ്പായിട്ടും സഹായിക്കണം’, എന്നാണ് ആരാധകരുടെ കമന്റുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News