KeralaNews

കഴുത്തു ഞെരിച്ചപ്പോള്‍ ഒമ്പതുകാരി പറഞ്ഞു, ചെയ്യല്ലേ അമ്മേ നമുക്ക് ജീവിക്കാം; കൊലയ്ക്ക് കാരണം സ്നേഹക്കൂടുതല്‍

കണ്ണൂര്‍: കുഴിക്കുന്നില്‍ ഒമ്പതു വയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മനോദൗര്‍ബല്യമുണ്ടെന്നു കരുതുന്ന അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിന്റെയും വാഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. അച്ഛന്റെ പരാതിയിലാണ് വാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണു സംഭവം. തന്റെ അസുഖം സംബന്ധിച്ചു വാഹിദയ്ക്ക് ആശങ്കകളുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.

വാഹിദയുടെ ചികിത്സയുമായി ബന്ധപ്പെട്ടു ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുകയും രാജേഷിനെ പുറത്താക്കി വാഹിദ അകത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇതിന് ശേഷം മകളെയും കൂട്ടി മുറിക്കകത്ത് കയറി, മുറി അകത്ത് നിന്ന് പൂട്ടി. രാജേഷ് ബന്ധുക്കളെയും കൂട്ടിയെത്തിയ ശേഷം വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. അകത്തെത്തിയപ്പോള്‍ അവന്തിക ബോധംകെട്ട് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകള്‍ കുട്ടിയുടെ ശരീരത്തിലുള്ളതിനാല്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകളോടുള്ള സ്നേഹവും വാത്സല്യവും വ്യക്തമാക്കുന്നതാണ് ഇന്നലെ പോലീസിനു വാഹിദ നല്‍കിയ മൊഴി. അസുഖം കാരണം മരിച്ചുപോകുമെന്നും മകള്‍ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയില്‍ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭര്‍ത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക കൂടാന്‍ ഇടയാക്കിയതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘എനിക്ക് അസുഖം വന്നു മരിച്ചാല്‍ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനിയാഴ്ച രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകള്‍ മറുപടി നല്‍കിയത്. കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോള്‍, ചെയ്യല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവള്‍ പറഞ്ഞതെന്ന് വാഹിദ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മകള്‍ മരിച്ച കാര്യം ഇതുവരെ വാഹിദ അറിഞ്ഞിട്ടില്ലെന്നും വല്ലാത്തൊരുമാനസിക അവസ്ഥയിലാണുള്ളതെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button