കണ്ണൂര്‍: തലശ്ശേരിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതിന് പിന്നില്‍ ചികിത്സാപിഴവെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. തലശേരിയിലെ ജോസ്ഗിരി ആശുപത്രിക്കെതിരെയാണ് മരിച്ച മുഴപ്പിലങ്ങാട് സ്വദേശിനിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്നയെ ഈ മാസം പത്തിനാണ് തലശേരിയിലെ ജോസ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഷഫ്ന കുഞ്ഞിന് ജന്മം നല്‍കി. ഇതിന് പിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളായി. കണ്ണൂരിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
പ്രസവത്തിനിടയില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കുഞ്ഞിന്റെ തലയില്‍ രക്തം കട്ടപിടിച്ചത് മറച്ചുവെച്ചെന്നും ശസ്ത്രക്രിയ നടത്തിയതില്‍ അസ്വഭാവികതയുണ്ടെന്നുമാണ് കുടുംബത്തിന്റെ പരാതി.
കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി മുപ്പത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ചികിത്സിച്ച ഡോക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. അമിതമായ രക്തസ്രാവമുണ്ടായിരുന്നെന്നും ജോസ്ഗിരി ആശുപത്രി അധികൃതര്‍ പറഞ്ഞു.