NationalNewsNews

മെട്രോയുടെ തൂൺ തകർന്നുവീണു; അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു

ബെംഗളുരു: മെട്രോ തൂൺ തകർന്നു വീണ് അമ്മയും രണ്ടര വയസുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ബെംഗളുരു മെട്രോയുടെ നിർമ്മാണത്തിലിരുന്ന തൂണാണ് തകർന്ന് വീണത്. ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ നാലംഗ കുടുംബത്തിന്‍റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയേയും പിഞ്ചുകുഞ്ഞിനേയും രക്ഷിക്കാനായില്ല. ഔട്ടർ റിങ് റോഡിൽ എച്ച്ബിആര്‍ ലെയൗട്ടിലാണ് അപകടമുണ്ടായത്.

കല്യാണ്‍ നഗറില്‍ നിന്ന് എച്ച്ആര്‍ബിആര്‍ ലേ ഔട്ടിലേക്കുള്ള റോഡിനെ സമീപത്തെ തൂണാണ് തകര്‍ന്നത്. തേജസ്വിനി എന്ന യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തേജസ്വിനിയുടെ ഭര്‍ത്താവിനും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.  218ാം നമ്പര്‍ പില്ലറാണ് തകര്‍ന്ന് വീണത്. നാല്‍പത് അടിയോളം ഉയരവും ടണ്‍കണക്കിന് ഭാരവും ഉള്ള പില്ലറാണ് ഇരുചക്രവാഹന യാത്രക്കാരുടെ മേലേക്ക് വീണത്.

സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് കൊല്ലപ്പെട്ട തേജസ്വിനി. ഭര്‍ത്താവ് ലോഹിത് കുമാര്‍ സിവില്‍ എൻജിനിയറാണ്. ലോഹിത് കുമാറും മകളും അപകട നില തരണം ചെയ്തതായാണ് വിവരം. ബെംഗളുരുവിലെ ഹൊരമാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കുടുംബം. കൊല്ലപ്പെട്ടവരുടെ മൃതദേഹംം അംബേദ്കര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഭാഗ്യം കൊണ്ട് മാത്രമാണ് തൂണ് മറ്റുള്ള വാഹനങ്ങളുടെ മേലേക്ക് പതിക്കാതെ പോയതെന്നാണ് അപകടത്തിന് ദൃക്സാക്ഷിയായ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

അപകടത്തിന് പിന്നാലെ മേഖലയില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗളുരു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബെംഗളുരു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികള്‍ നടക്കുക. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികള്‍ നിലംപൊത്തിയാണ് അപകടമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button