സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കേണ്ട; തരൂരിന് മറുപടിയുമായി വി.ഡി സതീശൻ
തിരുവനന്തപുരം: ശശി തരൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെ തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വയം സ്ഥാനാര്‍ഥിത്വം ആരും പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സതീശന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്നും ആര് എവിടെ മത്സരിക്കണമെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ലെന്നും അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കട്ടെയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സ്ഥാനാര്‍ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പാര്‍ട്ടിയ്ക്കു വിധേയരായാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പല കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം താത്പര്യങ്ങള്‍ പല ഘട്ടങ്ങളിലും വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇനി മുതല്‍ സജീവമായുണ്ടാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടൈന്നും തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ കെ. മുരളീധരന്‍ വടകരയില്‍ തന്നെ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കെ സുധാകരന്‍ മത്സരിക്കുന്നില്ല എന്നുമറിയിച്ചിരുന്നു. ടി.എന്‍ പ്രതാപനും ലോക്‌സഭയിലേക്കു മത്സരിക്കുന്നില്ല എന്നറിയിച്ചിരുന്നു.
ഇത്തരത്തില്‍ ലോക്‌സഭയില്‍ തുടരാനും സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാനുമുള്ള ആഗ്രഹം വിവിധ നേതാക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടിയാണ് സതീശന്റെ ഭാഗത്തു നിന്നുണ്ടായത്.