യുവതിയും മൂന്നു വയസുള്ള കുഞ്ഞും കഴുത്തിന് മറിവേറ്റ് മരിച്ച നിലയില്‍

കൊല്ലം: അമ്മയെയും മൂന്നു വയസുള്ള കുഞ്ഞിനെയും വീടിനുള്ളില്‍ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര ബിനു നിവാസില്‍ സുനില്‍കുമാറിന്റെ (ബിനുകുമാര്‍) ഭാര്യ സൂര്യ(35)യും മകന്‍ ആദിദേവുമാണ് മരിച്ചത്.

കൊല്ലത്തു കട നടത്തുന്ന സുനില്‍കുമാറും ഭാര്യയും കുഞ്ഞുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടില്‍ ബന്ധുക്കള്‍ കണ്ടിരുന്നു. എന്നാല്‍, വൈകിട്ട് വീടിന്റെ കതക് അടച്ചനിലയിലായിരുന്നു. വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ രാത്രി 7.30നു സമീപവാസികളുടെ സഹായത്തോടെ ബന്ധുക്കള്‍ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

കരുനാഗപ്പള്ളി എ.സി.പി: സജീവ്, സി.ഐ: വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇന്നു ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിയശേഷം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മാറ്റും. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News