ചെന്നൈ:സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന കനകയ്ക്ക് പിന്നീട് സംഭവിച്ചതെന്തെന്ന് പലര്‍ക്കും വ്യക്തമായി അറിയില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.
മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. 2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.
അമ്മ ദേവികയുടെ മരണമാണ് കനകയെ തകര്‍ത്ത് കളഞ്ഞത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അമ്മയുടെ നിഴലായിരുന്നു എന്നും കനക. മുന്‍ നടിയായിരുന്ന ദേവികയാണ് മകളുടെ കരിയറില്‍ തീരുമാനങ്ങളെടുത്തിരുന്നത്. അമ്മയ്‌ക്കൊപ്പം സെറ്റിലെത്തുന്ന കനക ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായിരുന്നുവെന്നാണ് നടിയെ അടുത്തറിയാവുന്നവര്‍ പറയുന്നത്. അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന കനകയ്ക്ക് അമ്മയുടെ മരണം താങ്ങാന്‍ പറ്റിയിരുന്നില്ല.
ഇപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടില്‍ അടച്ച് മൂടി കഴിയുകയാണ് കനക. അടുത്തിടെ ഈ വീട്ടില്‍ തീ പിടുത്തമുണ്ടായെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. വീട്ടിന് പുറത്തേക്ക് കൊണ്ട് വന്ന് കനകയെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ ആര്‍ക്കും പറ്റിയിട്ടില്ല. അടുത്തുള്ളവരെ പോലും കനക തന്നോടടുപ്പിക്കുന്നില്ലെന്നാണ് വിവരം. തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് കനകയിപ്പോള്‍ നയിക്കുന്നത്. അധികം ആരുമായും ഇടപഴകാതെ വീട്ടിനുള്ളില്‍ കഴിയുന്നു.
ഇപ്പോഴിതാ കനകയെക്കുറിച്ച് സംസാരിക്കുകയാണ് നടി കുട്ടി പത്മിനി. കനകയെ വീട്ടില്‍ പോയി കാണുമെന്നാണ് കുട്ടി പത്മിനി പറയുന്നത്. കനകയെ പോയി കാണെന്ന കമന്റ് മിക്കപ്പോഴും വരുന്നുണ്ട്. എനിക്ക് കാണണമെന്നുണ്ട്. കനകയുടെ അമ്മ ദേവിക അക്കയുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ കനകയോട് അത്ര അടുപ്പമില്ല. ഡബ്ബിംഗ് യൂണിയന്റെ ഇലക്ഷന്റെ സമയത്താണ് കനകയെ കണ്ടത്. അപ്പോള്‍ നല്ല രീതിയിലാണ് സംസാരിച്ചത്. മറ്റുള്ളവര്‍ പറയുന്നത് പോലെയുള്ള പ്രശ്‌നം ഒന്നുമില്ല.
നിങ്ങളെല്ലാം വീണ്ടും വീണ്ടും ചോദിക്കുന്നതിനാല്‍ ഈ മാസം തീര്‍ച്ചയായും കനകയെ പോയി കാണും. കനകയ്ക്ക് എത്ര മാത്രം ആരാധകരാണെന്നും കുട്ടി പത്മിനി ആശ്ചര്യത്തോടെ ചോദിച്ചു. നേരത്തെ കനകയെക്കുറിച്ച് കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചിരുന്നു. കനകയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടി അന്ന് തുറന്ന് സംസാരിച്ചു.
ഒരിക്കല്‍ കനകയെ പുറത്ത് വെച്ച് കണ്ടതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. ഡബ്ബിംഗ് യൂണിയന്റെ ഇലക്ഷനുണ്ടായിരുന്നു. വോട്ട് ചെയ്യാന്‍ കനകയുമെത്തി. ഞാനും കനകയും ഓടിച്ചെന്നു. നല്ല രീതിയില്‍ സംസാരിച്ചു. രാധാ രവി എന്നെ ഫോണ്‍ ചെയ്തു, അതിനാല്‍ വോട്ട് ചെയ്യാന്‍ വന്നു, ഞാന്‍ നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അന്ന് കനക പറഞ്ഞു. അവള്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കട്ടെയെന്ന് കരുതിയെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.
നടി എന്നതിനപ്പുറം സിനിമാ ലോകത്തെ പ്രബലമായ സ്ഥാനം കുട്ടി പത്മിനിക്കുണ്ട്. തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘത്തിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാളാണ് കുട്ടി പത്മിനി. ബ്ലൂ ഓഷ്യന്‍ ഫിലിംസ് ആന്റ് ടെലിവിഷന്‍ അക്കാദമിയുടെ ഡയറക്ടര്‍മാരില്‍ ഒരാളുമാണ്. ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന കുട്ടി പത്മിനി കനകയെ കാണുന്നത് ഒരുപക്ഷെ കനകയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ മാറ്റം വരാന്‍ ഉപകരിച്ചേക്കാം. ഒറ്റയ്ക്കുള്ള ജീവിതം നിര്‍ത്തി കനക പൊതുസമൂഹത്തിലേക്ക് കടന്ന് വരണമെന്ന് ഏവരും ആഗ്രഹിക്കുന്നുണ്ട്.
അടുത്തിടെ കനകയുടെ വീട്ടില്‍ തീപടര്‍ന്ന സംഭവം വാര്‍ത്തയായിരുന്നു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കയറ്റാന്‍ കനക സമ്മതിച്ചില്ലെന്നാണ് പുറത്ത് വന്ന വാര്‍ത്ത. ഒരുപാട് നേരം ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത് തന്നെ. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്.
തീപിടിത്തത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കനകയുടെ വീട്ടില്‍ പോയപ്പോള്‍ മീഡിയക്കാര്‍ വരേണ്ട നിങ്ങളെ ആരെങ്കിലും വിളിച്ചോ എന്നാണ് ചോദിച്ചത്. വീട് കത്തിയാലും ഇല്ലെങ്കിലും എന്താണ്, എന്റെ കാര്യങ്ങളല്ലാതെ നിങ്ങള്‍ക്ക് വേറെ വാര്‍ത്തയില്ലേ എന്നൊക്കെ ചോദിച്ച് ഭയങ്കര ദേഷ്യത്തില്‍ സംസാരിച്ചു. വീട്ടിന് പുറത്തേ ഇറങ്ങില്ല. ആരെങ്കിലും സഹായിക്കാന്‍ വന്നാല്‍ അവരെയും വഴക്ക് പറഞ്ഞ് മടക്കുമെന്നാണ് അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള, ഇടിഞ്ഞ് വീഴാറായ ഈ വീട്ടില്‍ അടച്ച് പൂട്ടി കഴിയുകയാണ് കനക.