ന്യൂഡല്‍ഹി : മോട്ടര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രഗതാഗത മന്ത്രാലയം . ടയറുകള്‍, സുരക്ഷാ ഗ്ലാസ്, എക്‌സ്റ്റേണല്‍ പ്രൊജക്ഷനുകള്‍ എന്നിവയിലുള്ള നിയമങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ 2021 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര പാരാമീറ്ററുകളുമായി സമന്വയിപ്പിക്കുന്നതിന് വേണ്ടിയാണ് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഇപ്പോള്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഭേദഗതികള്‍ പ്രകാരം ഈ ഒക്ടോബര്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ടയര്‍ റിപ്പയര്‍ കിറ്റും ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും വേണം.
ഇതു രണ്ടുമുള്ള കാര്‍ പോലെയുള്ള വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ വേണ്ടെന്നും ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തില്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ടയറിലെ ദ്വാരം അടയ്ക്കാവുന്ന സീലന്റ് ഉള്‍പ്പെടുന്ന ടയര്‍ റിപ്പയര്‍ കിറ്റ് വാഹനത്തില്‍ ഉറപ്പാക്കണം. ക്യാബിനുള്ള ട്രാക്ടര്‍ അടക്കമുള്ള വാഹനങ്ങള്‍ക്കെല്ലാം സേഫ്റ്റി ഗ്ലാസ് വിന്‍ഡ് ഷീല്‍ഡും ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്ന ഭേദഗതികള്‍ക്കൊപ്പമാണ് ടയര്‍ സംരക്ഷണം സംബന്ധിച്ച നിബന്ധന.