ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള എന്‍ജിനീയറിങ് കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് 35-40 ശതമാനം സീറ്റുകളെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍. സ്വകാര്യ എന്‍ജിനീയറിങ് കോളേജുകളാണ് ഇതിലധികവും. ഗ്രാമ- അര്‍ധനഗര പ്രദേശങ്ങളിലെ എന്‍ജിനീയറിങ് കോളേജുകള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി.
2021-22 അക്കാദമിക വര്‍ഷത്തില്‍ 4.21 ലക്ഷം എന്‍ജിനീയറിങ് ബിരുദ സീറ്റുകളാണ് രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നതെന്ന് ഡിസംബറില്‍ കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതു കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021-22-ല്‍ 33 ശതമാനവും 2020-21, 2019-20 വര്‍ഷങ്ങളില്‍ 44 ശതമാനം സീറ്റുകളുമാണ് ഒഴിഞ്ഞുകിടന്നത്. 2018-19-ല്‍ 48.56 ഉം 2017-18-ല്‍ 49.14 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു
വിദ്യാര്‍ഥികള്‍ക്കിടയില്‍ ചില കോഴ്‌സുകള്‍ക്ക് ഡിമാന്റ് കുറഞ്ഞതാണ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനുള്ള പ്രധാനകാരണം. സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍ തുടങ്ങിയ ബ്രാഞ്ചുകളില്‍ വിദ്യാര്‍ഥികള്‍ കുറയുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ കംപ്യൂട്ടര്‍ സയന്‍സിന് ഈ പ്രതിസന്ധിയില്ല. മറ്റ് മേഖലകളെ അപേക്ഷിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ കംപ്യൂട്ടര്‍ സയന്‍സിലാണെന്നതും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു
പാസാകുന്നവരുടെ എണ്ണത്തിന് ആനുപാതികമായി കാമ്പസ് പ്ലേസ്‌മെന്റ് ലഭ്യമാവുന്നില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ 2021-22-ല്‍ കൂടുതല്‍ പ്ലേസ്‌മെന്റ് നടന്നിട്ടുണ്ടെങ്കിലും പറയത്തക്ക വളര്‍ച്ചയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു