മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ല,വിമര്‍ശനവുമായി ടി.പത്മനാഭൻ
കോഴിക്കോട്∙ അന്തരിച്ച നടൻ മാമുക്കോയയ്ക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന വിമർശനവുമായി കഥാകൃത്ത് ടി.പത്മനാഭൻ രംഗത്ത്. മാമുക്കോയയെ വേണ്ടവിധം ആദരിക്കാൻ ഒരു സിനിമാക്കാരനും വന്നില്ലെന്ന സംവിധായകൻ വി.എം.വിനുവിന്റെയും ആര്യാടൻ ഷൗക്കത്തിന്റെയും നിലപാട് ശരിയാണെന്ന് പത്മനാഭൻ അഭിപ്രായപ്പെട്ടു.
മരിക്കണമെങ്കിൽ എറണാകുളത്തു പോയി മരിക്കണമെന്ന വിനുവിന്റെ പ്രസ്താവനയും ശരിയാണെന്ന് പത്മനാഭൻ പറഞ്ഞു. നടനും സംവിധായകനുമായ രഞ്ജിത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് പത്മനാഭൻ ചൂണ്ടിക്കാട്ടി.
‘‘മാമുക്കോയയെ അദ്ദേഹത്തിന്റെ കബർസ്ഥാനിലേക്കുള്ള യാത്രയിലോ കബറടക്കത്തിലോ വേണ്ടവിധം ആദരിക്കുവാൻ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതിൽ സിനിമാ സംവിധായകൻ വിനുവും ആര്യാടൻ ഷൗക്കത്തും ഖേദവും രോഷവും പ്രകടിപ്പിക്കുന്നതു കണ്ടു.
ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കിൽ എറണാകുളത്തു പോയി മരിക്കണമെന്ന്. പണ്ട് വേറൊരു സന്ദർഭത്തിൽ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കിൽ എറണാകുളത്തു പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്.’ – പത്മനാഭൻ പറഞ്ഞു.
‘‘മാമുക്കോയ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്റെ പിറന്നാൾ ദിവസങ്ങളിൽ മാമുക്കോയ വരാറുണ്ട്. മാമുക്കോയയെക്കുറിച്ച് ഒരു ജീവചരിത്ര ഗ്രന്ഥം മാത്രമേ വന്നിട്ടുള്ളൂ. അതിന്റെ അവതാരിക എഴുതിയത് ഞാനാണ്. ഏതാനും മാസങ്ങൾക്കു മുൻപു പോലും മാമുക്കോയയെ കണ്ടിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും ഞാൻ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയ.’ – പത്മനാഭൻ പറഞ്ഞു.
മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം. വിനു അഭിപ്രായപ്പെട്ടിരുന്നു. പലരും വരുമെന്ന് കരുതിയെങ്കിലും വന്നില്ലെന്നു പറഞ്ഞ വിനു, എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസ്താവന ശരിവച്ചാണ് പത്മനാഭന്റെ പരാമർശം.