പാലക്കാട്: പാലക്കാട് നഗരത്തില്‍ മിണ്ടാപ്രാണികളോട് കൊടും ക്രൂരത. തീറ്റയും വെള്ളവും നല്‍കാതെ 37 പോത്തുകളെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാക്കി ഉടമ മുങ്ങി. ഇതില്‍ രണ്ട് പോത്തുകള്‍ ചത്തു. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പോത്തുകളെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സൂചന.
കൊപ്പം റോഡില്‍ പോസ്റ്റ് ഓഫീസിന് സമീപം ആണ് സംഭവം. അഞ്ച് ദിവസം മുന്‍പാണ് പോത്തുകളെ ഇവിടെ കണ്ടെയ്നറില്‍ എത്തിച്ചത്. നാട്ടുകാര്‍ ചേര്‍ന്നാണ് പോത്തുകള്‍ക്ക് തീറ്റയും വെള്ളവും ഇപ്പോള്‍ നല്‍കുന്നത്.
കോഴിക്കോട് സ്വദേശിയായ ഗീത രാജേന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഈ കെട്ടിടം കൊല്ലം സ്വദേശിയും അഭിഭാഷകനുമായ സംഗീത് ലൂയിസ് കൈക്കലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഗീത രാജേന്ദ്രന്റെ ആരോപണം.
സ്ഥലത്ത് കയറുന്നതിനുള്ള കോടതിയുടെ വിലക്ക് ലംഘിച്ചാണ് പോത്തുകളെ ഉപേക്ഷിച്ചതെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവര്‍ പരാതി നല്‍കിയിട്ടും പാലക്കാട് നോര്‍ത്ത് പോലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. അനുവാദമില്ലാതെ കെട്ടിടത്തില്‍ അറ്റക്കുറ്റപ്പണി നടത്തിയതിന്റെ പണം ചോദിച്ചു. അഭിഭാഷകന്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഗീത നല്‍കിയ പരാതിയില്‍ മറ്റൊരു കേസും നിലവിലുണ്ട്.