ആലപ്പുഴ: മാവേലിക്കരയില്‍ കഴിഞ്ഞ ദിവസം വന്‍തോതില്‍ കഞ്ചാവും,വ്യാജവാറ്റും, പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുതുവത്സരാഘോഷത്തിന് വിതരണം ചെയ്യുന്നതിനായാണ് വ്യാജ വാറ്റും കഞ്ചാവും പ്രതികള്‍ ശേഖരിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് തിരയുന്ന മുഖ്യപ്രതി ലിജു ഉമ്മന്റെയും, അറസ്റ്റിലായ സുഹൃത്ത് നിമ്മിയുടെയും പദ്ധതികള്‍ പോലീസ് വിദഗ്ദമായി പൊളിക്കുകയായിരുന്നു.
വ്യാജ വാറ്റു വിതരണം, കഞ്ചാവ് വിതരണം,നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവയിലൂടെ സുഹൃത്ത് ലിജു ഉമ്മനുമൊത്ത് കൂട്ട് ബിസിനസ് നടത്തി വന്നിരുന്ന കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മി(32) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഒന്നാം പ്രതി പോനകം എബനേസര്‍ പുത്തന്‍ വീട്ടില്‍ ലിജു ഉമ്മന്‍ തോമസിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി ബിനുകുമാറിന്റെയും ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി പി.എ.ബേബിയുടെയും നിര്‍ദ്ദേശാനുസരണം സ്പെഷല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.
വീടിനുള്ളിലും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറില്‍ നിന്നുമായി 29 കിലോ കഞ്ചാവ്, 3 പ്ലാസ്റ്റിക് കുപ്പികളിലായി നാലര ലിറ്റര്‍ ചാരായം, 2 കന്നാസുകളിലായി 30 ലിറ്റര്‍ കോട, വിവിധ സഞ്ചികളിലായി 1785 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍, വീടിന്റെ അടുക്കളയില്‍ നിന്ന് വാറ്റുപകരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
അതേസമയം ഭര്‍ത്താവ് വിദേശത്ത് ആയിരുന്നതിനാല്‍ ലിജുവിന്റെ ആഡംബര കാറില്‍ ചുറ്റി നടന്നായിരുന്നു ഇരുവരുടേയും ലഹരി മരുന്ന് വില്‍പന. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് ലിജു പോലീസ് പരിശോധകളില്‍ നിന്ന് രക്ഷപെട്ടിരുന്നത്. സംഭവത്തെ തുടര്‍ന്ന് ലിജു ഉമ്മന്റെ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയുടെ ഭര്‍ത്താവായ കായംകുളം സ്വദേശി വിദേശത്താണ്. രണ്ടു വര്‍ഷമായി ഇരുവരും സ്വരചേര്‍ച്ചയിലല്ല. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്.
ഇതിനിടെ യുവതി പിടിയിലാകുമ്പോള്‍ നിസഹായരായത് എട്ടും നാലരയും വയസുള്ള പിഞ്ചു കുഞ്ഞുങ്ങളാണ്. അമ്മയെ അറസ്റ്റു ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകാതെ കരയുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ ബന്ധുക്കളെ വിളിച്ചു വരുത്തി ഏല്‍പിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത്.