വിവാഹപ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാം! നിര്‍ണായക വിധി
ഛണ്ഡിഗഡ്: വിവാഹപ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി. ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കണമെന്നും മാതാപിതാക്കളുടെ ഭീഷണിയുണ്ടെന്നും ആരോപിച്ച് 19കാരിയും 20കാരനും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അല്‍ക സരിന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
യുവതീ യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നിയമമനുസരിച്ച് ഒരുമിച്ച് ജീവിക്കാന്‍ എല്ലാവിധ അവകാശവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യുവതിയും യുവാവും നല്‍കിയ ഹര്‍ജ്ജിയില്‍ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഫത്തേഗഡ് സാഹിബ് സീനിയര്‍ പോലീസ് സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയിക്കാനാവില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണം. ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണ്. പ്രായപൂര്‍ത്തിയായ മക്കള്‍ എങ്ങനെ ജീവിക്കണെന്ന് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലെന്നും അവര്‍ക്ക് ‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍’ ജീവിക്കാമെന്നും കോടതി നിരീക്ഷിച്ചു.