തിരുവനന്തപുരം: അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം. നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന് മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും എത്താം. നൂറ് ശതമാനം ഹാജരോടെ പ്രവര്‍ത്തിപ്പിക്കും. ഏഴാം ദിവസം പരിശോധിച്ച് കോവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വാറന്റൈന് വേണ്ട.
ഹോട്ടലുകളില്‍ പാര്‍സലിന് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും പിന്‍വലിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി ജോലിക്കെത്തണം. എന്നാല്‍ കൊവിഡ് മാനദണ്ഡം പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍.
അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈൻ ആണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇനി അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്റൈൻ തുടരേണ്ട കാര്യമില്ല. അതേസമയം ആരോഗ്യപ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കച്ചവട ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി കേരളത്തിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ഇളവ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹോട്ടലുകളിളും റെസ്റ്റോറന്റുകളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും സര്‍ക്കാര്‍ അനുമതി നല്കി.