തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും.
നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ബെവ്‌കോയുടെ ശുപാര്‍ശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകള്‍ക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തില്‍ മാത്രം ഔട്‌ലറ്റുകളുള്ള സ്ഥലത്തും ടൂറിസം കേന്ദ്രങ്ങളിലുമുള്‍പ്പടെ പുതിയ മദ്യവില്പന ശാലകള്‍ തുടങ്ങണം. തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി പെയ്ഡ് ആയും വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഇത്തരത്തില്‍ 6വിഭാഗം സ്ഥലങ്ങളില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയില്‍ അനുകൂലസമീപനമാണ് സര്‍ക്കാരിനുള്ളത്.
കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീഞ്ഞ് ഉല്പാദിപ്പിക്കുന്ന ഫ്രൂട്ട് വൈന്‍ പദ്ധതിയും മദ്യനയത്തില്‍ പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍ മേഖലയിലാകും ഇതിന്റെ നിര്‍മാണം. ഇതിനുപുറമെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും പുതിയ മദ്യനയത്തില്‍ ഉള്‍പെടും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കും. ഏപ്രിലില്‍ പ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.
പഴങ്ങളില്‍ നിന്നുള്ള വൈനിനെക്കുറിച്ച് അബ്കാരി നിയമത്തിലോ എക്‌സൈസ് ചട്ടത്തിലോ പറയുന്നില്ല. ഈ സാഹചര്യത്തിലാണു ‘ഫ്രൂട്ട് വൈനി’ന്റെ നിര്‍വചനം നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ആരു സംഭരിക്കണം, ആര്‍ക്കെല്ലാം ലൈസന്‍സ് നല്‍കണം, എത്ര അളവ് കൈവശം വയ്ക്കാം, നികുതി ഘടന, ആല്‍ക്കഹോളിന്റെ അനുപാതം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിന്റെ നയത്തിനു വിധേയമായി അന്തിമ ചട്ടത്തില്‍ ഉള്‍പ്പെടുത്തും.
കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതിയാണു യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നത്. കേരളത്തില്‍ സുലഭമായുള്ള പൈനാപ്പിള്‍, വാഴപ്പഴം, കശുമാങ്ങ, ജാതിക്കാത്തോട് എന്നിവയ്ക്കാണു മുന്‍ഗണന. നിര്‍മാണത്തിനു പൊതുസാങ്കേതികവിദ്യ കണ്ടെത്താന്‍ തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍ ലബോറട്ടറിയോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ധനസഹായവും ഒരു വര്‍ഷത്തെ ഗവേഷണവും ആവശ്യമുണ്ടെന്നാണ് അവര്‍ അറിയിച്ചത്.
കമ്പനികള്‍ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ഉല്‍പന്നത്തിന്റെ കാര്യത്തില്‍ പൊതുമാനദണ്ഡം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ മതിയെന്ന അഭിപ്രായവുമുണ്ട്. വൈന്‍ ഉല്‍പാദിപ്പിക്കാന്‍ ബവ്‌കോയും താല്‍പര്യം അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ വൈന്‍ ഉല്‍പാദനവും വിപണനവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് ഓള്‍ ഇന്ത്യ വൈന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ അധികൃതരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള അബ്കാരി നിയമപ്രകാരം ആല്‍ക്കഹോള്‍ അടങ്ങിയ ഏത് ഉല്‍പന്നവും വീട്ടില്‍ ഉല്‍പാദിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റമാണ്. ഫ്രൂട്ട് വൈന്‍ മദ്യനയത്തിന്റെ ഭാഗമായാലും വീട്ടിലെ ഉല്‍പാദനം കുറ്റകരമാകും.
മദ്യക്കുപ്പിയില്‍ ഇനി തിളങ്ങുന്ന ഹോളോഗ്രാം സ്റ്റിക്കറില്ല; പകരം ക്യൂആര്‍ കോഡ്. സംസ്ഥാനത്ത് വില്‍ക്കുന്ന വിദേശ നിര്‍മിത ഇന്ത്യന്‍ മദ്യക്കുപ്പിയില്‍ വില ഉള്‍പ്പെടെ രേഖപ്പെടുത്തിയ ക്യൂആര്‍ കോഡ് പതിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ സമര്‍പ്പിച്ച നിര്‍ദേശം എക്സൈസ് വകുപ്പിന്റെ സജീവ പരിഗണനയിലാണ്. അടുത്ത മദ്യനയത്തില്‍ ഇതും ഉള്‍പ്പെടുത്തിയേക്കും.
നിലവില്‍ മദ്യനിര്‍മാണക്കമ്പനികളില്‍നിന്ന് ഗോഡൗണുകളില്‍ എത്തുന്ന മദ്യക്കുപ്പിയില്‍ ഹോളോഗ്രാം സ്റ്റിക്കര്‍ പതിക്കുകയാണ് പതിവ്. ഇനി ക്യൂആര്‍ കോഡ് കമ്പനി തന്നെ പതിക്കും. ലോഡിലെ മദ്യത്തിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഗോഡൗണില്‍ സ്‌കാനര്‍ സജ്ജമാക്കും. ഈ സ്‌കാനര്‍ വഴിയാകും ലോറി കടന്നുപോകുക. കംപ്യൂട്ടറില്‍ ശേഖരിക്കുന്ന വിവരം കോര്‍പറേഷന്‍ ആസ്ഥാനത്തുവരെ ലഭിക്കും. വില്‍ക്കുമ്പോള്‍ സ്‌കാന്‍ ചെയ്ത് ബില്ലടിക്കാനുമാകും.
മദ്യം സംഭരിക്കാനുള്ള സൗകര്യവും ബിവറേജസ് കോര്‍പറേഷന്‍ വര്‍ധിപ്പിക്കുന്നു. ഇതിന് 17 ഗോഡൗണ്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും ഒന്നു വീതവും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ കൂടുതലായി ഓരോന്നും ആരംഭിക്കാനാണ് പദ്ധതി. ഇതിനായി ബെവ്കോ എംഡി എക്സൈസ് വകുപ്പിന് നിര്‍ദേശം സമര്‍പ്പിച്ചു.
നിലവില്‍ ബെവ്കോയ്ക്ക് 23 വെയര്‍ഹൗസ് ഗോഡൗണ്‍ ആണുള്ളത്. 5.6 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം. സംസ്ഥാനത്ത് ദിവസവും ഒരു ലക്ഷം പെട്ടി മദ്യമാണ് ആവശ്യം. ഇതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതല്‍ സൂക്ഷിക്കണം. നിലവില്‍ അതിനു സൗകര്യമില്ല. മദ്യവുമായെത്തുന്ന ലോറികള്‍ ഗോഡൗണുകള്‍ക്കു മുമ്പില്‍ കാത്തുകിടക്കേണ്ടി വരുന്നു. ഇതൊഴിവാക്കാനാണ് കൂടുതല്‍ സ്ഥലം ഒരുക്കുന്നത്.