ഇടുക്കി: മൂന്നാറിന്റെ മലം ചെരുവില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഇത്തവണയും ക്രൊക്കോസ്മിയ പൂക്കള്‍ വിരുന്നിനെത്തി. മധ്യവേനലില്‍ പൂക്കുന്ന ക്രൊക്കോസ്മിയ പൂക്കള്‍ പക്ഷേ മഴക്കാലം പാതി പിന്നിട്ടപ്പോഴാണ് പൂത്തതെന്ന് മാത്രം. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുള്ള മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന്റെ സമീപത്തുള്ള ചെരിവിലാണ് പൂക്കള്‍ കാഴ്ചയുടെ നിറവസന്തമൊരുക്കുന്നത്. വര്‍ണ്ണാഭമായ ഓറഞ്ച്, കടുംചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ചേര്‍ന്ന് തീ പോലെ തോന്നിപ്പിക്കുന്നതിനാല്‍ ഫയര്‍ കിംഗ്, ഫയര്‍ സ്റ്റാര്‍ എന്നിങ്ങനെയും ഈ പൂക്കള്‍ അറിയപ്പെടുന്നു.
മലനിരകളില്‍ വ്യാപകമായി പൂത്ത് നില്‍ക്കുന്ന ക്രൊക്കോസ്മിയ പൂക്കള്‍ ദൂരെ നിന്ന് കാണുമ്പോള്‍ തീ പടര്‍ന്നു പിടിച്ചതു പോലെയേ ആദ്യം തോന്നൂ. വാള്‍ ആകൃതിയിലുള്ള ഇലകളോട് കൂടിയ പൂക്കള്‍ മുപ്പത് മുതല്‍ നൂറ്റിയമ്പത് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ദക്ഷിണാഫ്രിക്ക മുതല്‍ സുഡാന്‍ വരെയുള്ള തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ പുല്‍മേടുകളിലാണ് ഇത്തരം പൂക്കള്‍ വ്യാപകമായി കാണപ്പെടുന്നത്.
ഗ്രീക്ക് പദങ്ങളായ ക്രോക്കോസ്, ‘കുങ്കുമം’, ‘ദുര്‍ഗന്ധം’ എന്നര്‍ത്ഥമുള്ള ഓസ്‌മെ എന്നിവയില്‍ നിന്നാണ് ഈ ചെടിക്ക് പേര് കിട്ടിയത്. മോണ്ട്‌ബ്രെഷ്യ എന്ന പേരിലും ഈ പൂക്കള്‍ അറിയപ്പെടുന്നുണ്ട്.