KeralaNews

ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ല; ഒരു വാഹനം പോലും മോന്‍സന്റെ പേരിലല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകള്‍ക്കൊന്നും രേഖകളില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതില്‍ ഒരു വാഹനം പോലും മോന്‍സന്റെ പേരിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍. രണ്ടു വാഹനങ്ങള്‍ രൂപമാറ്റം വരുത്തി പോര്‍ഷെയാക്കിയതയാണ്.

വാഹനങ്ങളുടെ വിശദാംശങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളിലെ എംവിഡിയെ സമീപിക്കാനാണ് കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. മോന്‍സന്റെ വാഹനശേഖരത്തില്‍ വായ്പാതട്ടിപ്പില്‍ പെട്ട ഡിസി അവന്തി എന്ന വിവാദ വാഹനവുമുണ്ട്.

മോന്‍സന്‍ പതിവായി കറങ്ങിയിരുന്ന ദോഡ്‌ജേ ഗ്രാന്റിന്റെ രജിസ്‌ട്രേഷന്‍ 2019ല്‍ അവസാനിച്ചതാണ്. ഹരിയാന രജിസ്‌ട്രേഷന്‍ വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷൂറന്‍സ് പോലുമില്ല. വരുന്നവരോടെല്ലാം മോന്‍സന്‍ തലപ്പൊക്കത്തോടെ പറഞ്ഞിരുന്ന ലക്‌സസ്, റേഞ്ച് റോവര്‍, ടോയോട്ടാ എസ്റ്റിമ എന്നിവയെല്ലാം വ്യാജ നമ്പര്‍ പ്ലേറ്റിലാണ് കേരളത്തില്‍ ഉപയോഗിച്ചതെന്നാണ് നിഗമനം.

ഹരിയാന രജിസ്‌ട്രേഷനിലുളള പോര്‍ഷേ വാഹനം യഥാര്‍ഥ പോര്‍ഷേ അല്ലെന്നാണ് കണ്ടെത്തല്‍, മിത്സുബുഷി സിഡിയ കാര്‍ രൂപം മാറ്റി പോര്‍ഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോന്‍സന്‍ അവതരിപ്പിച്ചിരുന്ന ലിമോസിന്‍ കാര്‍, മെഴ്‌സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്. വിഐപികളുടെ കണ്ണുമഞ്ഞളിപ്പിക്കാന്‍ കലൂരിലെ വീട്ടുമുറ്റത്ത് ഒന്നൈന്നായി നിരത്തിയിട്ടിരുന്ന കാറുകളെല്ലാം അറുപഴഞ്ചനാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. അതേസമയം അന്വേഷണ സംഘം മോന്‍സനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കില്ലെന്നാണ് വിവരം. മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. എറണാകുളം സിജിഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

വയനാട് ബീനാച്ചി എസ്റ്റേറ്റിന്റെ പേരില്‍ പണം തട്ടിയെന്ന കേസിലാണ് മോന്‍സനെ മൂന്ന് ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. മോന്‍സന്‍ സാമ്ബത്തിക ഇടപാടുകള്‍ സ്വന്തം അക്കൗണ്ട് വഴിയല്ല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മോന്‍സന്‍ മാവുങ്കലിന്റെ സാമ്ബത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button