കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ മൊഴി. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് മോന്‍സന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്സാണ്. ഇതുവച്ചാണ് ചികിത്സ നടത്തിയതെന്നും മോന്‍സന്‍ വ്യക്തമാക്കി.
മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോന്‍സന്‍ മൊഴി നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ളവരെ ഇയാള്‍ ചികിത്സിച്ചിട്ടുണ്ട്. അതിനിടെ ഇയാളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തു വന്നിരുന്നു.
രണ്ട് സിനിമാ നടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാ താരങ്ങളും പോലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
അതേസമയം മോന്‍സന്‍ മാവുങ്കലുമായി ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയതോടെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകീട്ട് മൂന്നരയോടെ ഓണ്‍ലൈനായാണ് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നത്. എസ്എച്ച്ഒ മുതല്‍ ഡിജിപി വരെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം ഉണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്. മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മോന്‍സനും തമ്മിലുള്ള ബന്ധവും മോന്‍സന്റെ വീടിന് സുരക്ഷ ഒരുക്കാന്‍ ബെഹ്‌റ നിര്‍ദ്ദേശിച്ചതുമെല്ലാം നിര്‍ണായക തെളിവുകളാണ്. പോലീസുകാര്‍ ഉള്‍പ്പെട്ട ഹണിട്രാപും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.