KeralaNews

പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു,മോൻസൻ മാവുങ്കലിനെതിരെ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി, വെളിപ്പെടുത്തലുമായി പരാതിക്കാർ

തിരുവനന്തപുരം: പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരായ പരാതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്ന് പരാതിക്കാരൻ എംടി ഷെമീർ. ജൂലൈ മൂന്നിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി അറിയിച്ചത്. തട്ടിപ്പ് വിവരങ്ങളും പരാതിയും അറിയിച്ചപ്പോൾ എഴുതി നൽകാൻ ആവശ്യപ്പെട്ടു. ജൂലൈ 27 ന് ഇതനുസരിച്ച് പരാതി എഴുതി നൽകിയെന്നും ഷെമീർ പ്രതികരിച്ചു.

”ശ്രീവത്സം രാജേന്ദ്ര പിള്ള നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഐജി ലക്ഷ്മണ അടക്കം ഇടപെട്ട് ഒതുക്കപ്പെട്ടു. അതിന് ശേഷം അദ്ദേഹം ഞങ്ങളെ സമീപിച്ച് പരാതി നൽകണമെന്ന് ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായ നിരവധി ആളുകളെ പരാതി നൽകാൻ വേണ്ടി ഞാൻ സമീപിച്ചു. അങ്ങനെ കുറച്ച് പേർ അതിന് തയ്യാറായി. ഒരു കൂട്ടമായി ചേർന്ന് പരാതി നൽകാൻ തീരുമാനിച്ചു. ഇനിയും ആരും പറ്റിക്കപ്പെടരുതെന്ന് കരുതിയാണ് പരാതി നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പരാതി ആർക്ക് കൊടുക്കണമെന്ന് അന്വേഷിച്ചു. മറ്റ് പലരും പൊലീസിൽ നേരത്തെ നൽകിയ പരാതികളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന് മനസിലായി. തനിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നും അത് ഒതുക്കപ്പെട്ടുവെന്നും ഞങ്ങളോട് വീരവാദം പറഞ്ഞത് മോൻസൻ തന്നെയാണ്. ഇത് പറയുമ്പോൾ മോൻസന്റെ അരികിൽ ഉന്നതരായിരുന്നു ഉണ്ടായിരുന്നത്. അത് മനസിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയതെന്നും ഷെമീർ വിശദീകരിച്ചു.

മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ എം പിക്കെതിരെ ഗുരുതരാരോപണമാണ് ഉയർന്നത്. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

2018 നവംബ‍ർ 22ന് ഉച്ചയ്ക്ക് 2മണിക്ക് ഇയാളുടെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ കോടികൾ കൈയ്യിൽ കിട്ടാൻ ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടു.

കെ സുധാകരൻറെ ഇടപെടലിൽ പാർലമെന്‍റിലെ പബ്ളിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പുടിവിച്ച് പണം വിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്‍റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും അറിയിച്ചു. നവംബ‍ർ 22ന് കലൂരിലെ വീട്ടിൽവെച്ച് സുധാകരന്‍റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. ഏഴുകോടിരൂപയുടെ മറ്റൊരു തട്ടിപ്പിൽ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചും മോൻസനെതിരെ റിപ്പോർട് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button