ചേര്‍ത്തല: പുരാവസ്തു, സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലിലായ മോന്‍സണ്‍ മാവുങ്കലിന്റെ ആറ് ആഡംബര വാഹനങ്ങള്‍ ആക്രിക്കു വിറ്റ് ചേര്‍ത്തല പോലിസ്. കരീനാ കപുര്‍ ഉപയോഗിച്ചിരുന്ന പോര്‍ഷെ മുതല്‍ ബെന്‍സും ലെക്‌സസുമടക്കം ആറു കാറുകളും ഒരു കാരവനുമാണ് ചേര്‍ത്തല സ്റ്റേഷനില്‍നിന്നു ആക്രിവിലയ്ക്ക് കൈമാറിയത്. പുനരുപയോഗിക്കാന്‍ അവകാശമില്ലാതെ ആക്രിയായാണ് കൈമാറ്റം നടത്തിയത്.
ആലപ്പുഴ വലിയുരം മട്ടുപ്പാവില്‍ എന്റര്‍പ്രൈസസിനു വേണ്ടി ഷാനുഭൂട്ടോയാണ് ലേലമെടുത്തത്. ഒരുവര്‍ഷമായി സര്‍ക്കാര്‍തലത്തില്‍ നടന്ന ടെന്‍ഡര്‍ നടപടികളുടെ തുടര്‍ച്ചയായി ഞായറാഴ്ച വാഹനങ്ങള്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നും നീക്കി. മാവേലിക്കരയിലെ വ്യവസായിയുടെ പരാതിയെത്തുടര്‍ന്നാണ് മോന്‍സന്റെ വാഹനങ്ങള്‍ 2020 ഓഗസ്റ്റില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ, ഇയാളുടെ തട്ടിപ്പുകള്‍ പുറത്തുവരുകയായിരുന്നു. സിനിമതാരങ്ങളും സെലിബ്രിറ്റികളും ഉപയോഗിച്ചു കൈമാറിയ ആഡംബര വാഹനങ്ങള്‍ പലകുറി മറിഞ്ഞശേഷം സ്വന്തമാക്കുന്നതായിരുന്നു മോന്‍സന്റെ രീതി.
ഈ കാറുകള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്കു നല്‍കിയായിരുന്നു ഇടപാടുകള്‍. സ്വന്തമായി ഉപയോഗിച്ചിരുന്നതും ഇത്തരം വാഹനങ്ങളായിരുന്നു. വാഹനങ്ങള്‍ പിടിച്ചിട്ടതോടെ ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ വളപ്പ് നിറഞ്ഞിരുന്നു.


