മലപ്പുറം: കോട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ മണിചെയിന്‍ തട്ടിപ്പ് നടക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സ്ഥലത്ത് വാടകയ്ക്കു മുറിയെടുത്തു താമസിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നാണ് നാട്ടുകാര്‍ പരാതിയില്‍ പറയുന്നത്.
വില കുറഞ്ഞ ഗൃഹോപകരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റും നല്‍കി ഇടപാടുകാര്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് നാട്ടുകാരില്‍നിന്ന് വാങ്ങിയിരുന്നത്. മണിചെയിന്‍ ശൃംഖലയുടെ ഭാഗമാകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചേര്‍ക്കുന്നതോടെ തട്ടിപ്പ് വളരെ വേഗത്തില്‍ വ്യാപിക്കുകയാണ്. മറ്റുള്ളവരെ ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും, പിന്മാറുന്നവര്‍ക്കും മുടക്കിയ പണം തിരികെ നല്‍കാതെയാണ് തട്ടിപ്പ്. പണം നഷ്ടമായത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കില്ലെന്ന ഉറപ്പ് ഇടപാടുകാര്‍ നാട്ടുകാരില്‍ നിന്ന് എഴുതി വാങ്ങുന്നുണ്ട്.
ആഡംബര വാഹനങ്ങളില്‍ യോഗത്തിനെത്തിയാണ് ഇടപാടുകാര്‍ നാട്ടുകാരെ ആകര്‍ഷിക്കുന്നത്. തട്ടിപ്പിനിരയായി ജോലി രാജിവച്ച് ഈ രംഗത്ത് സജീവമാകാന്‍ ശ്രമിച്ച നിരവധിയാളുകളാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. മക്കളുടെ വിവാഹം, ഗൃഹനിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കരുതിവച്ച പണം നിക്ഷേപിച്ച ആളുകളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.