InternationalNews

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു; ഭരണം താലിബാന്റെ കൈകളിലേക്ക്

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്, പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും പലായനം ചെയ്തു. എവിടേയക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വിട്ടിട്ടില്ല. കാബൂള്‍ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ഗനിയും വൈസ് പ്രസിഡന്റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാനപരമായി, ചെറുത്തുനില്‍പ്പില്ലാതെ അധികാരക്കൈമാറ്റം നടത്താമെങ്കില്‍ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഗനി രാജ്യം വിട്ടതെന്നാണ് സൂചന. കുടുംബസമേതമാണ് അഫ്ഗാന്‍ ഭരണകൂടത്തിലെ ഉന്നതനേതാക്കള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഉച്ചയോടെയാണ് കാബൂള്‍ അതിര്‍ത്തിയിലുള്ള ജലാലാബാദും മസര്‍ – ഇ- ഷെരീഫും കീഴടക്കി താലിബാന്‍ കാബൂളിന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രവേശിച്ചത്. അവിടെ നിന്ന് കാബൂള്‍ ആക്രമിച്ച് കീഴടക്കേണ്ടതില്ലെന്ന് താലിബാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സമാധാനപരമായി അധികാരം എങ്ങനെ കൈമാറുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് നടന്ന ചര്‍ച്ചയിലാണ് ഗനി അധികാരം കൈമാറാമെന്നും, പകരം രാജ്യം വിട്ട് പലായനം ചെയ്യാന്‍ സുരക്ഷിതപാത ഒരുക്കിത്തരാമെന്നുമുള്ള വാഗ്ദാനം താലിബാന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് നല്‍കിയത്. ഇതനുസരിച്ച് കാബൂളിന്റെ അതിര്‍ത്തികവാടങ്ങളില്‍ കാത്തുനില്‍ക്കുകയായിരുന്നു താലിബാന്‍.

സുരക്ഷ സേനകള്‍ ഉപേക്ഷിച്ച് പോയ ചെക്‌പോസ്റ്റുകള്‍ താലിബാന്‍ നിയന്ത്രണമേറ്റെടുക്കുമെന്നും, നഗരത്തിലേക്ക് പ്രവേശിക്കുകയാണെന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.

അഫ്ഗാന്‍ സൈന്യമാകട്ടെ അതിര്‍ത്തിയില്‍ ഒരു ചെറുത്തുനില്‍പ്പുമില്ലാതെ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യം നഗരത്തിനകത്തേക്ക് പിന്‍മാറിയെന്നും, കാബൂളിന്റെ അതിര്‍ത്തിയിലെ നിര്‍ണായക പോസ്റ്റുകളെല്ലാം ആളൊഴിഞ്ഞ് കിടക്കുകയാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നഗരാതിര്‍ത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സംഘം പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. രക്തച്ചൊരിച്ചിലില്ലാതെ അധികാരകൈമാറ്റം വേണമെന്ന നിര്‍ദ്ദേശം താലിബാന്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുള്‍ സത്താര്‍ മിര്‍സാക്വാല്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അഫ്ഗാന്‍ എല്ലാ അര്‍ത്ഥത്തിലും താലിബാന്റെ നിയന്ത്രണത്തിലേക്ക് മാറുകയാണ്.

കാബൂള്‍ താലിബാന്‍ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗന്‍മാരെ തിരികെയെത്തിക്കാന്‍ ജര്‍മ്മന്‍ സേനയും കാബൂളിലെത്തി. സ്‌പെയിനും പൗരന്‍മാര്‍ക്കായി കാബൂളിലേക്ക് വിമാനങ്ങളയക്കും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാന്‍ അറിയിച്ചിരുന്നു. എംബസി അടയ്ക്കില്ലെന്ന് പറഞ്ഞ റഷ്യ യുഎന്‍ രക്ഷാ സമിതിയില്‍ അഫ്ഗാന്‍ വിഷയം ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു. രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാനില്‍ വേണ്ടതെന്നായിരുന്നു നാറ്റോയുടെ പ്രതികരണം. അഭയര്‍ഥികളെ താല്‍ക്കാലികമായി സ്വീകരിക്കാന്‍ ഇറാനും അല്‍ബേനിയയും തയ്യാറായിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീര്‍ണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തു വേണം എന്ന് ഇന്ത്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോള്‍ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതില്‍ ആലോചന തുടരുന്നു. എംബസി ഇപ്പോള്‍ അടച്ചു പൂട്ടുന്നത് അഫ്ഗാന്‍ സര്‍ക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അടിയന്തര ഘട്ടം വന്നാല്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker