EntertainmentKeralaNews

മോഹൻലാലിന്റെ ‘മോണ്‍സ്റ്ററി’ന് ഗള്‍ഫില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു,കാരണമിതാണ്

ദുബൈ:മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകനു’ ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് ‘മോണ്‍സ്റ്ററി’ന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ‘മോണ്‍സ്റ്ററിന് ഗള്‍ഫില്‍ വലിയ തിരിച്ചടിയുണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.

എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചെന്നാണ് മൂവി ട്രാക്കേഴ്‍സായ  ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിക്കാൻ ‘മോണ്‍സ്റ്ററി’ന്റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ സമയമെടുക്കുമെന്നതിനാല്‍ 21ന് ഗള്‍ഫില്‍ റിലീസ് സാധ്യമാകില്ല എന്നാണ് റിപ്പോര്‍ട്ട്.

സതീഷ് കുറുപ്പ് ആണ് മോണ്‍സ്റ്ററിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ജീത്തു ജോസഫിന്റെ ചിത്രമായ ‘റാമി’ല്‍ ആണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ‘റാമി’ന്റെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മോഹൻലാല്‍ ഇന്ന് ചെന്നൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മൊറോക്കോയിലാണ് ഇനി ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് പ്ലാൻ ചെയ്‍തിരിക്കുന്നത്. തൃഷയാണ് ‘റാം’ എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.

ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ച ‘ട്വല്‍ത്ത് മാൻ’ വലിയ രീതിയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ‘ട്വല്‍ത്ത് മാൻ’ സംവിധാനം ചെയ്‍തത്. ഒരു മിസ്‍റ്ററി ത്രില്ലര്‍ ചിത്രമായിരുന്നു ‘ട്വല്‍ത്ത് മാൻ’. ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രാജീവ് കോവിലകം ആയിരുന്നു ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തു ആയിരുന്നു ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ‘ബറോസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker