കൊച്ചി:അടുത്ത ചിത്രം മോഹൻലാലിനൊപ്പമെന്ന് ഉറപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സ്‌ക്രിപ്റ്റ് വർക്കുകൾ തുടക്ക ഘട്ടത്തിലാണ്. പൂർത്തിയാകാൻ നാല്-അഞ്ച് മാസം കൂടി എടുക്കും. ഒരു സാധാരണക്കാരന്റെ കഥയാണ് മോഹൻലാലിലൂടെ പറയാൻ പോകുന്നതെന്നും സംവിധായകൻ ഒരഭിമുഖത്തിൽ വ്യക്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക.
“മോഹൻലാൽ ഒരു സാധാരണക്കാരനായി അഭിനയിക്കുന്നത് ആളുകൾ ഇഷ്ടപ്പെടുന്നുവെന്ന് തെളിയിക്കുന്നതാണ് ‘നേരി’ന്റെ വിജയം. ഞങ്ങളൊന്നിച്ചുള്ള മറ്റ് സിനിമകളുടേത് പോലെയൊരു കഥയായിരിക്കും. പക്ഷേ ഒരു പുതിയ ട്രീറ്റ്‌മെന്റുണ്ടായിരിക്കും,” സംവിധായകൻ കൂട്ടിച്ചേർത്തു. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ വഴിയേ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് തുടക്കം കുറിച്ച സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടെന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ് നേര്.
പ്രേമത്തെ പിന്തള്ളിയാണ് നേര് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏഴാം സ്ഥാനത്തുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെയാണ് നേരിന് ഇനി മറികടക്കാനുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിലുടനീളം ഹൗസ് ഫുള്ളായാണ് ചിത്രം പ്രദർശിപ്പിച്ചത്. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.
കോർട്ട് റൂം ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാല്‍ എത്തിയിരിക്കുന്നത്.