ശർമിള കോൺഗ്രസിൽ ചേർന്നു;വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു

ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക വൈ.എസ്.ശർമിള കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് കോൺഗ്രസിൽ ചേർന്നത്. 

വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. ‘‘കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സെക്കുലർ പാർട്ടിയാണ്. കോണ്‍ഗ്രസ് എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർഥ സംസ്കാരം ഉയർത്തിപ്പിടിക്കുകയും നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്’’– അവർ പറഞ്ഞു. 

ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. തെലങ്കാനയിൽ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയിൽ ശർമിളയെ പിസിസി അധ്യക്ഷയാക്കുമെന്ന് അഭ്യൂഹമുണ്ട്.

അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ മകളാണ് ശർമിള. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനിടെ ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News