കൊച്ചി:കര്‍ഷക സമരത്തെക്കുറിച്ച് മലയാളത്തിലെ മുന്‍നിര സിനിമാതാരങ്ങള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിച്ച് മോഹന്‍ലാല്‍. താരസംഘടനയായ ‘അമ്മ’ കൊച്ചിയില്‍ പണികഴിപ്പിച്ച പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം ഇന്ന് രാവിലെ ആയിരുന്നു. ചടങ്ങിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ‘ട്വന്‍റി 20’ മാതൃകയില്‍ ‘അമ്മ’ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രസിഡന്‍റ് മോഹന്‍ലാല്‍ വിശദീകരിച്ചു. വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഒരു സമരത്തെക്കുറിച്ച് പല സെലിബ്രിറ്റികളും പ്രതികരിക്കുമ്പോഴും മലയാളത്തിലെ താരങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുന്നത് എന്തുകൊണ്ട് എന്നായിരുന്നു ചോദ്യം.
എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. “നമുക്ക് അടുത്ത പ്രാവശ്യം പ്രതികരിക്കാം. നിലപാട് പറയാം. നമ്മള്‍ ഇപ്പോള്‍ കൂടിയിരിക്കുന്നത് അതിനല്ലല്ലോ. ഏത് സദസ് എന്നതുകൂടി ഉണ്ടല്ലോ”, മോഹന്‍ലാല്‍ പറഞ്ഞു.
എന്നാല്‍ മലയാളത്തില്‍ നിന്ന് ചില താരങ്ങള്‍ വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ വിഷയത്തില്‍ പോപ് താരം റിഹാന ഉള്‍പ്പെടെയുള്ള വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായ പ്രകടനത്തെ എതിര്‍ക്കുകയോ അതിനെ എതിര്‍ത്തവരെ അനുകൂലിക്കുകയോ ചെയ്തവരാണ്. സലിം കുമാര്‍, ഹരീഷ് പേരടി, ജൂഡ് ആന്‍റണി ജോസഫ്, ഇര്‍ഷാദ് മണികണ്ഠ രാജന്‍ തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചവരാണ്. രാഷ്ട്രീയ അഭിപ്രായം പറയാന്‍ രാജ്യാതിര്‍ത്തികള്‍ തടസമാണെന്ന വാദത്തെ സ്വീകരിക്കാത്തവരുമാണ് ഇവര്‍.