തോളിന്റെ ചരിവ് പാരമ്പര്യമായി ലഭിച്ചതാണെന്നും മാനുഫാക്ചറിങ് ഡിഫക്ട് ആണെന്നും മോഹന്‍ലാല്‍. മരയ്ക്കാര്‍ അറബിക്കടിലിന്റെ സിംഹം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് രസകരമായി പ്രതികരിച്ചത്.
‘എന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിന് ചരിവുണ്ട്. സത്യത്തില്‍ അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആണ്’- മോഹന്‍ലാല്‍ പറഞ്ഞു. താന്‍ കാണുമ്പോഴേ മോഹന്‍ലാലിന് ചെരിവുണ്ടായിരുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
‘മരയ്ക്കാറില്‍ കുഞ്ഞാലിയെക്കുറിച്ചുളള ആറു വരികള്‍ ഞാന്‍ തന്നെയാണ് എഴുതിയത്, ‘ചായുന്ന ചന്ദന തോളാണ്’ എന്ന വരിയുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ശരീരഭാഷയുണ്ട്. മമ്മൂട്ടിക്കും അമിതാഭ് ബച്ചനുമെല്ലാം അവരുടേതായ പ്രത്യേകതയും ശബ്ദവുമുണ്ട്’- പ്രിയദര്‍ശന്‍ പറഞ്ഞു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. തിയേറ്റര്‍ കപ്പാസിറ്റിയുടെ അന്‍പത് ശതമാനം മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ എങ്കിലും ആവേശോജ്വലമായ സ്വീകരണമാണ് എങ്ങും കാണാന്‍ കഴിയുന്നത്. പലയിടത്തും നീണ്ട നാളുകള്‍ക്കു ശേഷം ഒരു മോഹന്‍ലാല്‍ ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിയതിന്റെ ആഘോഷ പരിപാടികളോടെയാണ് സ്‌ക്രീനിംഗ് ആരംഭിച്ചത് തന്നെ.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാലും എത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു. കൊച്ചിയിലെ സരിതാ തീയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാന്‍ എത്തിയത്. ഒപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ആരാധകരുടെ ആവേശം നേരിട്ടു കണ്ട മോഹന്‍ലാല്‍ അവര്‍ക്കൊപ്പമിരുന്ന് തന്നെ സിനിമ ആസ്വദിച്ചു.
റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബര്‍ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ലോകമാകമാനം 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനെത്തിത്. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാസ്വാദകരും ആരാധകരും.