കൊച്ചി:ലോകം മുഴുവൻ ഇപ്പോൾ കൊറോണ ഭീതിയിലാണ്. എന്നും സമയത്തോടൊപ്പം ഓടിക്കൊണ്ടിരുന്ന മനുഷ്യർ ഇപ്പോൾ ലോക്ക് ഡൌൺ ആയിട്ട് വീട്ടിലിരിക്കുന്ന അവസ്ഥയിലാണ്. എല്ലായിപ്പോഴും തിരക്കിൽ പെട്ടിരുന്ന സിനിമാ മേഖലയും ഇപ്പോൾ നിശ്ചലമായിരിക്കുകയാണ്. ലോക്ക് ഡൌൺ സമയത്തെ താരങ്ങളുടെ വിശേഷങ്ങളറിയാനാണ് ഇപ്പോൾ പ്രേക്ഷകർക്ക് ഏറെ താല്പര്യം.
ലോക്ക്ഡൗൺ സമയത്തെ തന്റെ വീട്ടിലെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടൻ പറഞ്ഞു.
മോഹൻലാൽ തന്റെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നു വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുണ്ടും മടക്കിക്കുത്തി തലയിൽ കെട്ടുമായി അല്പം മാസ്സ് ആയിട്ടാണ് ആ വരവ്. തുടർന്ന് തോട്ടത്തിലെ പച്ചക്കറികൾ നനയ്ക്കുന്നതും സഹായിക്കൊപ്പം നിന്ന് ഫലങ്ങൾ പറിക്കുന്നതും വിഡിയോയിൽ കാണാം.
“ഇത് വിത്തിന് വേണ്ടി നിർത്തിയിരിക്കുന്ന പാവയ്ക്കയാണ്. ഇത് നന്നായി ഉണക്കിയിട്ട് അതിന്റെ വിത്ത് എടുത്ത് നടും. എറണാകുളത്തെ എളമക്കരയിൽ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വർഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങൾക്ക് വേണ്ടുന്ന പച്ചക്കറികൾ ഞങ്ങൾ ഉണ്ടാക്കി എടുക്കുന്നത്.
നമുക്ക് പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എല്ലാമുണ്ട്. എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്. ചെറിയ സ്ഥലത്ത് നിന്ന് നമുക് ആവശ്യമുള്ള കൃഷി ഉണ്ടാക്കിയെടുക്കാം. അതിന് ആളുകൾ തയ്യാറാകണം. സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാം. ഞാൻ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.” മോഹൻലാൽ പറയുന്നു.
സഹായിയോട് പുതിയതായി എന്താണ് കൃഷി ചെയ്യുന്നത് എന്ന് ചോദിക്കുകയാണ് സഹായി ചൈനീസ് മുളക് എന്ന് മറുപടി നൽകുകയും ചെയ്യുന്നു. തുടർന്ന് തക്കാളി കൃഷിയിലേക്ക് കടക്കുന്നു. 40-45 ദിവസങ്ങൾക്ക് ശേഷം തക്കാളി പറിക്കാം എന്ന് താരം പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.
ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.