EntertainmentNews

ഒരുപാട് ദൂരം ഒരുപാട് വേഗത്തില്‍ സഞ്ചരിച്ചതായി തോന്നുന്നു….ആരോഗ്യമുള്ള കാലം വരെ രസിപ്പിയ്ക്കും സന്തോഷിപ്പിയ്ക്കും,പിറന്നാള്‍ ദിനത്തില്‍ നന്ദിപറഞ്ഞ് മോഹന്‍ലാല്‍

ചെന്നൈ:കൊവിഡ് ലോക്ക്ഡൗണിനിടയിലും അറുപതാം പിറന്നാള്‍ ആഘോഷമാക്കി മാറ്റുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍.കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ലോകം എത്രയും പെട്ടെന്ന് മുക്തി നേടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ലാല്‍ പ്രായം അറുപതായത് തന്നെ ഒരു രീതിയിലും ബാധിക്കുന്നില്ലെന്നും പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ

ഇങ്ങനെ വീട്ടിലിരിക്കേണ്ടി വരുന്നത് പ്രത്യേക തരം അവസ്ഥയാണ്.സാധാരണ ഒരു അവധിക്കാലം പോലെയല്ല ഇത്. ഒരുപാട് പേരുടെ സങ്കടവും വിഷമവും കേട്ടിരിക്കുന്നതിനാല്‍ സങ്കടം കലര്‍ന്ന ഒരു സന്തോഷമാണ് ഈ അവധിക്കാലത്ത്.

സമയം തീര്‍ക്കാന്‍ മനപൂര്‍വ്വമായി ഒന്നും ഞാന്‍ ചെയ്യാറില്ല. പുസ്തകം വായിക്കല്ലോ, പാട്ടുകേള്‍ക്കല്ലോ ഒന്നും… തീര്‍ച്ചയായും ഒരുപാട് ചെറിയ കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യുന്നുണ്ട്. ഒരു പാട് വീഡിയോ സന്ദേശങ്ങള്‍ പകര്‍ത്തി അയക്കുന്നുണ്ട്. പഴയകാല താരങ്ങളേയും മറ്റു സഹപ്രവര്‍ത്തകരേയും വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നുണ്ട്.

അടച്ചിട്ടു എന്നൊരു തോന്നല്ലൊന്നും എനിക്കില്ല. ഞാനൊരുപാട് ഏകാന്തത ഇഷ്ടപ്പെടുന്നയാളാണ്. മുന്‍പും അങ്ങനെ പലപ്പോഴും ഞാന്‍ ഒറ്റയ്ക്ക് ഇരുന്നിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലുള്ള അമ്മയുമായും വീഡിയോ കോളിലൂടെ സംസാരിക്കാന്‍ പറ്റുന്നുണ്ട്. എന്റെ കാര്യത്തില്‍ കുഴപ്പമില്ല പക്ഷേ മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകളില്‍ സങ്കടമുണ്ട്. എത്രയും പെട്ടെന്ന് ലോക്ക് ഡൗണ്‍ തീര്‍ന്ന് എല്ലാ മേഖലകളും വീണ്ടും ചലിച്ചു തുടങ്ങട്ടെ.

ഒരുപാട് ദൂരം ഒരുപാട് വേഗത്തില്‍ സഞ്ചരിച്ചതായി തോന്നുന്നു. അതിനൊരുപാട് പേര്‍ എന്നെ സഹായിച്ചു. ഒരുപാട് എഴുത്തുകാര്‍, സംവിധായകര്‍. കൂടെ അഭിനയിച്ചവര്‍…. അങ്ങനെ എനിക്കൊപ്പം സിനിമയുടെ പല മേഖലകളിലും പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി. തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷമേയുള്ളൂ. ഒരു കൊടുങ്കാറ്റിലെന്ന പോലെ പറന്നു നടക്കുകയായിരുന്നു ഞാന്‍.

എല്ലാ പ്രതിസന്ധികള്‍ക്കും ഒരു അവസാനമുണ്ടാക്കും. നിലവിലെ അവസ്ഥയെ നേരിടാനും മറികടക്കാനുമുള്ള തയ്യാറെടുപ്പുകള്‍ എല്ലാവരും നടത്തി വരികയാണ്. തീര്‍ച്ചയായും ഈ അവസ്ഥയെ മറികടക്കാനൊരു വഴി തെളിയും. നമ്മളൊരു വഴിയുണ്ടാക്കും. സിനിമയെ മാത്രമല്ല ടൂറിസത്തേയും മറ്റു വിനോദമേഖലകളേയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. അതിനെല്ലാം മാറ്റം വരട്ടെ എങ്കിലേ ജീവിതം രസകരമായി മുന്നോട്ട് പോകൂ.

ദൃശ്യം രണ്ടാം ഭാഗമാണ് ഉടനെ ചെയ്യാന്‍ പോകുന്നത്. കുഞ്ഞാലിമരയ്ക്കാരുടെ റിലീസുണ്ട്. റാം എന്ന സിനിമയുടെ ഷൂട്ടിംഗ് ലണ്ടനില്‍ നടക്കാനുണ്ട്. പിന്നെ ഞാന്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം. നിരവധി വിദേശകലാകാരന്‍മാര്‍ ആ സിനിമയില്‍ സഹകരിക്കുന്നുണ്ട്.

എന്റെ അച്ഛനും ചേട്ടനുമെല്ലാം അറുപത് വയസായി. ഇനി നിങ്ങള്‍ക്കെല്ലാം അറുപത് വയസാവും. അതു കൊണ്ട് പ്രായമാകുന്നത് ഒരു വലിയ കാര്യമായി ഞാന്‍ കാണുന്നില്ല. നമ്മുക്ക് ആരോഗ്യമുള്ള കാലത്തോളം നമ്മുക്ക് മറ്റുള്ളവരെ രസിപ്പിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോകാനാവും. പ്രായം അതിനൊരു തടസമാകാന്‍ സാധ്യതയില്ല. നമ്മുക്കെന്തെങ്കിലും രോഗം ബാധിച്ചാലേയുള്ളൂ. അല്ലെങ്കില്‍ എല്ലാവര്‍ക്കും സന്തോഷത്തോട്ടെ മുന്നോട്ട് പോകാനാവുന്ന രംഗത്താണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button