EntertainmentKeralaNews

മലയാള സിനിമയ്ക്ക് ഊര്‍ജം പകരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങള്‍; മോഹന്‍ലാല്‍

കൊച്ചി: സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്നേഹാദരങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ലാലിന്റെ കുറിപ്പ്.

സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായിരുന്നു. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് സംഘടന ഉന്നയിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

തിയേറ്റര്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും സിനിമാ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഇന്ന് വൈകീട്ട് ചേരുന്ന സിനിമാ തീയേറ്റര്‍ ഉടമകള്‍ അടക്കമുള്ള സംഘടനകളുടെ യോഗം തീയേറ്ററുകള്‍ എന്നു തുറക്കാം എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേമ്പര്‍ സംഘടന പ്രതിനിധികള്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button