കൊച്ചി:28 വർഷങ്ങൾക്ക് ശേഷം 4കെ ഡോൾബി അറ്റ്‍മോസിൽ ഇറങ്ങിയ ‘സ്ഫടികം’ തിയേറ്ററുകളിൽ പ്രേക്ഷകർ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സ്ഫടികത്തെ നെഞ്ചേറ്റിയ പ്രേക്ഷകരെ നേരിൽ കാണാനായി സംവിധായകൻ ഭദ്രനും നടൻ മോഹൻലാലും ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ ലൈവായി എത്തിയപ്പോൾ പറഞ്ഞ സ്ഫടികത്തിന് പിന്നിലെ ചില അറിയാക്കഥകൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
സ്ഫടികം ഇത്രയും ദൃശ്യശ്രവ്യ മികവോടെ 4കെ പതിപ്പായി ഇറക്കാൻ ധൈര്യം കാണിച്ച സംവിധായകൻ ഭദ്രനും സുഹൃത്തുക്കൾക്കും നന്ദിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാൽ ലൈവിലെത്തിയത്. ഇത്തരത്തിൽ 4കെ പതിപ്പായി ചിത്രമിറക്കാൻ ഭദ്രൻ സാറിന് തോന്നാൻ കാരണമെന്തായിരുന്നുവെന്നും ലാൽ ചോദിച്ചു. അതിന് കാരണം നിങ്ങൾ തന്നെയാണ് എന്നായിരുന്നു അപ്പോൾ ഭദ്രൻ പറഞ്ഞത്.
ലാലിന്റെ അറുപതാം ജന്മദിനത്തിന് പാലയിലും പരിസരത്തുമുള്ള ചിലരൊക്കെ എൻറെ വീട്ടിലെത്തി സ്ഫടികം ബിഗ് സ്ക്രീനിൽ കാണാൻ എന്താണ് മാർഗ്ഗമെന്ന് ചോദിക്കുകയുണ്ടായി. അവർ സിനിമയുടെ ഫസ്റ്റ് ഹാഫ് തെങ്ങിൽ തുണി വലിച്ചുകെട്ടി പ്രൊജക്ടറിൽ കാണിക്കാനുള്ള അനുമതിയും ചോദിച്ചിരുന്നു. അവരുടെ ഈ ആവേശവും എനർജിയും കണ്ടപ്പോഴാണ് എനിക്ക് പുതിയ കാലത്തിനായി ഇറക്കണമെന്ന് തോന്നിയതെന്ന് ഭദ്രൻ ലൈവിൽ വ്യക്തമാക്കി.
തനിക്ക് കുറെ ചെറുപ്പക്കാർ സുഹൃത്തുക്കളായുണ്ട്. അവരുടെയെല്ലാം ആഗ്രഹം കൂടിയായിരുന്നു ഇത്. ഇപ്പോഴത് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയുടെ ആദ്യ റിലീസിൻറെ സമയത്ത് ഞാൻ ഭയങ്കര ടെൻഷനിലായിരുന്നു ഇപ്പോഴാണ് ഞാൻ തിയേറ്ററിലെ ബഹളമൊക്കെ ആസ്വദിക്കുന്നതെന്നും ഭദ്രൻ പറയുകയുണ്ടായി.
ആളുകൾ വിസ്മയിച്ച് കൈയ്യടിക്കുന്നതൊക്കെ കേൾക്കുമ്പോൾ ആവേശമാണെന്ന് ലാൽ പറഞ്ഞു. അന്ന് ചങ്ങനാശ്ശേരി ചന്തയിലൂടെ ചെരിപ്പിടാതെ ഓടണമെന്ന് നിർബന്ധം പിടിച്ചത് ഇപ്പോഴും ഓർമ്മയിലുണ്ടെന്നും മോഹൻലാൽ പറയുകയുണ്ടായി. അത്രയും ചെയ്യണോയെന്ന് ഞാൻ ചോദിച്ചിരുന്നു. അവസാനം എന്തോ അലിവുതോന്നി ഭദ്രൻസാറത് മാറ്റുകയായിരുന്നുവെന്നും ലാൽ ലൈവിനിടയിൽ ഓർത്തെടുക്കുകയുണ്ടായി. സ്ഫടികം പുതിയ പതിപ്പ് കണ്ട് ഒരു വിൻസെൻഷൻ വൈദികൻ സിനിമയെ പാഷൻ ഓഫ് ദി ക്രൈസ്റ്റിനോട് ഉപമിച്ചുവെന്നും അതുപോലെ തന്നെ സ്ഫടികവും സ്നേഹത്തിൻറെ ഭാഷയാണ് പറയുന്നതെന്നും ഭദ്രൻ പറഞ്ഞു.
മലൈകോട്ട വാലിബൻ സിനിമയുടെ ജയ്സാൽമീറിലെ സെറ്റിൽ നിന്നായിരുന്നു മോഹൻലാൽ ലൈവിൽ ജോയിൻ ചെയ്തിരുന്നത്. സംവിധായകൻ ഭദ്രനും ലാലിൻറെ അടുത്ത സുഹൃത്തായ അശോക് കുമാറും കൊച്ചിയിൽ നിന്നായിരുന്നു ലൈവിന്റെ ഭാഗമായത്. സ്ഫടികത്തിന്റെ ഭാഗമായ ഏവർക്കും നന്ദി പറഞ്ഞുകൊണ്ടും പ്രേക്ഷകർക്കും ഹൃദയത്തിൽനിന്നുള്ള സ്നേഹം പങ്കിട്ടുമായിരുന്നു ഇരുവരും ലൈവിൽ നിന്ന് പിൻവാങ്ങിയത്.