24.6 C
Kottayam
Sunday, May 19, 2024

നമുക്ക് ആവിഷ്ക്കാരസ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം; പരിഹാസവുമായി പേരടി

Must read

കൊച്ചി: ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഫെയ്സ്ബുക്കിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബി.ബി.സിയുടെ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഹരീഷ് പേരടി നിർമിച്ച് നായകനാവുന്ന ചിത്രമാണ് ദാസേട്ടന്റെ സൈക്കിൾ.

‘നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം….അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും …അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം..അതല്ലാതെ വേറെ എവിടെയെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹൃദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ…അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും.’ ഹരീഷ് പേരടി എഴുതി.

കഴിഞ്ഞദിവസമാണ് എം.എ ബേബി ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ഇതിന് രൂക്ഷമായ വിമർശനമാണ് ഇടതുപക്ഷക്കാരായ ഫെയ്സ്ബുക്ക് ഉപയോക്താക്കളിൽ നിന്നും ഉയർന്നത്. പാർട്ടിയേയും നേതാക്കളേയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ പങ്കുവെക്കുന്നത് ശരിയല്ലെന്നാണ് ഉയർന്ന വിമർശനം.

സാധാരണ പാർട്ടി പ്രവർത്തകർ.ക്ക് മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കുകൂടി പാർട്ടി ക്ലാസ് കൊടുക്കേണ്ട അവസ്ഥയാണ് എന്നടക്കമുള്ള കമന്റുകൾ വന്നതോടെ വിശദീകരണവുമായി എം.എ. ബേബിയും രം​ഗത്തെത്തി.

ഹരീഷ് പേരടിയുമായുള്ള സൗഹൃദമാണ് പോസ്റ്റർ റിലീസിന് കാരണമായതെന്ന് എം.എ. ബേബി ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. പോസ്റ്റർ പങ്കുവെക്കുന്നതിലൂടെ അവരുടെ നിലപാടുകൾക്ക് അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്കതീതമായി കലാ, സാഹിത്യപരമായ സഹകരണം വിശാലാടിസ്ഥാനത്തിൽ സാധ്യമാകണമെന്നാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാടെന്നും അദ്ദേഹം കുറിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week