തിരുവനന്തപുരം: ഇന്നലെ അന്തരിച്ച നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വച്ച് മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണത്. മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൈദ്യരെന്ന പേരില്‍ അറിയപ്പെട്ടിരുന്ന മോഹനന്‍ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
ചികിത്സാ പിഴവില്‍ ഒന്നര വയസ്സുകാരി മരിച്ചെന്ന പരാതിയിലടക്കം മോഹനനെതിരെ കേസുകളുണ്ട്. നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് അവകാശപ്പെട്ട ഇയാള്‍ കൊവിഡിനെ ചികിത്സിക്കാനറിയാമെന്നും അവകാശപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചികിത്സാ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.