കൊച്ചി: സി.പി.എം വനിതാ നേതാവ് കെ.ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണവും ആരോപണവുമെല്ലാം സി.പി.എം അധികാര രാഷ്ട്രീയത്തിന് പിന്നിലെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ചിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്ത വന്നത് കോണ്‍ഗ്രസ് പത്രത്തില്‍ അല്ല. പാര്‍ട്ടിക്കുള്ളിലെ ഇത്തരം പ്രശ്‌നം തീര്‍ക്കേണ്ടത് സി.പി.എം തന്നെയാണ്. പരിഹരിക്കേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറിയാണെന്നും മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
ഇതിനിടെ സൈബര്‍ ആക്രമണത്തിലും ആരോപണത്തിലും കെ.ജെ ഷൈന്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കി. വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി കെ.ജെ ഷൈന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.
പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറുമെന്നും കെ.ജെ. ഷൈന്‍ പറഞ്ഞിരുന്നു.


