തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തില്‍ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയില്‍ നിന്നുള്ള മോചനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ?ഗുരുവിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവര്‍ത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയില്‍ വരാനായത് സൗഭാഗ്യമാണെന്നും പറഞ്ഞു.
തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ ഐതിഹാസികമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി ഇതോടെ ബിജെപി കേരളത്തില്‍ അടിത്തറയിട്ടതായും മോദി പറഞ്ഞു. ഗുജറാത്തില്‍ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയില്‍നിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ ആവേശം കാണുമ്പോള്‍ എനിക്കതറിയാം. 1987ന് മുമ്പ് ഗുജറാത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ഒരു പാര്‍ട്ടിയായിരുന്നു. പത്രത്താളുകളില്‍ പോലും ബിജെപി ഇടംപിടിച്ചിരുന്നില്ല. 1987ല്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റി നാം പിടിച്ചു. അവിടെ നിന്നാണ് ബിജെപി ഗുജറാത്തില്‍ വിജയ യാത്ര തുടങ്ങിയത്. അതുപോലെയാണിപ്പോള്‍ തിരുവനന്തപുരത്തും. ഒരു പട്ടണത്തില്‍നിന്ന് തുടങ്ങിയ ജൈത്ര യാത്ര തിരുവനന്തപുരത്ത് നിന്നും നമുക്ക് തുടങ്ങണം. കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്’ മോദി പറഞ്ഞു.
തിരുവനന്തപുരത്തെ ജയം അത്ഭുതവും ഐതിഹാസികവുമാണ്. ഇതോടെ ബിജെപി കേരളത്തില്‍ അടിത്തറയിട്ടു. അതിന്റെ അലയൊലി രാജ്യമെങ്ങും ഉണ്ട്. ഇടത് വലത് അഴിമതി ഭരണത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മാറാത്തത് ഇനി മാറും എന്ന് പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു. ഏഴുപതിറ്റാണ്ടായി തിരുവനന്തപുരത്തോട് ഇടത് വലത് മുന്നണികള്‍ അനീതി കാണിക്കുന്നു. വികസിത തിരുവനന്തപുരമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കും. കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്ത്. ഇതുവരെ രണ്ട് പക്ഷത്തേ മാത്രമാണ് കേരളം കണ്ടിരുന്നത്. ഇടതും വലതും. ഇനി മൂന്നാമത്തെ ഒരു പക്ഷം കൂടിയുണ്ടാകും. അത് വികസനത്തിന്റെ എന്‍ഡിഎ എന്ന പക്ഷമാണ്.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണ്. ത്രിപുരയില്‍ മുപ്പത് വര്‍ഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങള്‍ മാറി ചിന്തിച്ചു. ഇന്ന് അവിടെ എല്‍ഡിഎഫിനെ പേരിന് പോലും കാണുന്നില്ല. ബംഗാളില്‍ 35-40 വര്‍ഷം ഇടതുപക്ഷം ഭരിച്ചു. ഇന്നവിടെ മത്സരിക്കാന്‍ പോലും സിപിഎമ്മിന് ആളില്ല. കേരളം രക്ഷപ്പെടണമെങ്കിലും ഇടത്-വലത് കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം. അവര്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു. അയ്യങ്കാളിയേയും മന്നത്ത് പത്മനാഭനയേയും ശ്രീനാരായ ഗുരുവിനെയും അനുസ്മരിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.


