InternationalNews

ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിയ്ക്കാൻ സഹായിയ്ക്കുമെന്ന് റഷ്യ, യുക്രൈൻ മനുഷ്യകവചമായി ഉപയോഗിയ്ക്കുന്നുവെന്ന് ആരോപണം

ന്യൂസൽഹി: ഇന്ത്യക്കാരെ യുക്രൈൻ (Ukraine) മനുഷ്യകവചമായി ഉപയോ​ഗിക്കുന്നുവെന്ന് റഷ്യ (Russia). ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമെന്നും റഷ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും തമ്മിൽ നടന്ന ചർച്ചയ്ക്കിടയിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയാറാണെന്നും റഷ്യ അറിയിച്ചു. റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. 

കാർകീവിലെ സാഹചര്യവും ഇരുവരും വിലയിരുത്തി. യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് റഷ്യ ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. കാർകീവിൽ നിന്ന് റഷ്യ വഴി ഒഴിപ്പിക്കാൻ തയ്യാറെന്നാണ് അറിയിച്ചിരിക്കുന്നത്. 

നാളെയാണ് യുക്രൈൻ – റഷ്യ രണ്ടാം വട്ട ചർച്ച. പോളണ്ട് ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. റഷ്യൻ സംഘം ഇവിടെയെത്തി. യുക്രൈൻ സംഘം പുലർ‌ച്ചെ എത്തും. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. 

യുക്രൈനിലെ (Ukraine) സൈനിക നീക്കത്തിൽ നിന്ന് റഷ്യ (Russia)  പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ (UN) പ്രമേയം. പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. 

റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു.  അതേസമയം, യുദ്ധത്തിൽ തങ്ങളുടെ 498സൈനികർ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആൾനാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തൽ. 1597 സൈനികർക്ക് പരിക്കേറ്റു. 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു.

യുക്രൈനിലെ കാർകീവിൽ റഷ്യൻ സേനയുടെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ആശങ്ക നിലനിൽക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ റഷ്യൻ സേന നിലയുറപ്പിച്ചിട്ടുണ്ട്. കാർകീവിൽ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക സമയം രാത്രി 7 മുതൽ രാവിലെ 7 വരെയാണ് കർഫ്യു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button