മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് ചുമതല

കൊച്ചി: മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എ.സി.പി ബി.ജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതേസമയം മോഡലുകള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന സൈജു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ 24 ന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴയില്‍ പറയുന്നു. നവംബര്‍ ഒന്നിനാണ് ഹാന്‍ഡ് ഡിസ്‌ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാന്‍ ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി.

മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകള്‍ നിരസിച്ചു. അഭ്യര്‍ത്ഥന കണക്കാക്കാതെ യാത്ര തുടര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാന്‍ വിളിച്ച ഡ്രൈവറോട് ആശുപത്രിയില്‍ തുടരാന്‍ റോയ് നിര്‍ദേശിച്ചെന്നും മൊഴിയില്‍ വ്യക്തമാകുന്നു.

അതിനിടെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് എക്‌സൈസ്. നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സൈസ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News