News

വസ്ത്രത്തിന്റെ മുകളിലൂടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പോക്‌സോ പ്രകാരം കുറ്റകരം- സുപ്രീംകോടതി

ന്യൂഡൽഹി: ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വസ്ത്രങ്ങൾക്ക് മുകളിലൂടെയും ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ സ്പർശിക്കുന്നതും പോക്സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ലൈംഗിക അതിക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം ലൈംഗിക ഉദ്ദേശം ഉണ്ടോ എന്നതാണ്. പരസ്പരം ചർമ്മങ്ങൾ സ്പർശിക്കണം എന്ന സങ്കുചിതമായ നിലപാട് കൊണ്ട് പോക്സോ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചർമത്തിൽ സ്പർശിക്കാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്.

വസ്ത്രത്തിന് മുകളിലൂടെ ശരീരത്തിൽ പിടിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകൂവെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, മഹാരാഷ്ട്ര സർക്കാർ, ദേശീയ വനിതാ കമ്മീഷൻ എന്നിവർ നൽകിയ ഹർജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചാൽ, സർജിക്കൽ ഗ്ലൗസ് ഇട്ട ഒരു വ്യക്തി കുട്ടിയെ പീഡിപ്പിച്ചാൽ അദ്ദേഹത്തിന് പോക്സോ നിയമപ്രകാരം ശിക്ഷിക്കാൻ കഴിയില്ല എന്നായിരുന്നു അറ്റോർണി ജനറലിന്റെ വാദം.

പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിച്ചുവെന്നുമാണ് കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. കേസിലെ പ്രതിയായ സതീഷിന് നേരത്തെ പോക്സോ നിയമപ്രകാരം വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ പ്രതിക്ക് മൂന്ന് വർഷത്തെ ശിക്ഷ അനുഭവിക്കണം. ഒപ്പം വിചാരണ കോടതി വിധിച്ച പിഴയും ഒടുക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker