കൊച്ചി: ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങിയ മിസ് കേരള മത്സരവിജയികള്‍ വാഹനാപകടത്തില്‍ മരിച്ചതോടെ വിവാദകേന്ദ്രമായ നമ്പര്‍ 18 ഹോട്ടലില്‍ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയിരുന്നെന്ന് എക്സൈസ് റിപ്പോര്‍ട്ട്. ഫോര്‍ട്ട്കൊച്ചിയിലെ ഈ ഹോട്ടലില്‍ അബ്കാരിനിയമത്തിന്റെ ലംഘനം പതിവായിരുന്നെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും എക്സൈസ് കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
ഒക്ടോബര്‍ 23-നു നിശാപാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും മയക്കുമരുന്നു കണ്ടെത്തിയിരുന്നില്ല. മോഡലുകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച ഒക്ടോബര്‍ 31-നു രാത്രി ഹോട്ടലില്‍ ഒന്‍പതു കഴിഞ്ഞും മദ്യം വിളമ്പി. ഇക്കാര്യം സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു പോലീസ് കണ്ടെത്തിയിരുന്നു.
നവംബര്‍ ഒന്നിനു ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കി. രണ്ടിനു ഹോട്ടല്‍ തുറന്നെങ്കിലും എക്സൈസ് ഇടപെട്ട് പൂട്ടിച്ചു. പോലീസുമായി സഹകരിച്ചു കൂടുതല്‍ അന്വേഷണം നടത്താന്‍ കൊച്ചി എക്സൈസ് സി.ഐയെ ചുമതലപ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.കെ. അനില്‍കുമാര്‍ പറഞ്ഞു. പ്രാഥമികാന്വേഷണമാണ് ഇപ്പോള്‍ നടത്തിയതെന്നും കൂടുതല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലിലെ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം കാറില്‍ പോകുന്നതിനിടെയാണ് പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ട് മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), റണ്ണറപ്പായിരുന്ന അഞ്ജന ഷാജന്‍ (24), ഒപ്പമുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖ്(25) എന്നിവര്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇവരുടെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുള്‍ റഹ്‌മാനെ പിന്നീട് അറസ്റ്റ് ചെയ്തു.
ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഉടമ സൈജു തങ്കച്ചനോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു പോലീസ് നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങള്‍ അടങ്ങിയതെന്നു കരുതുന്ന ഹാര്‍ഡ് ഡിസ്‌കിനായി കായലില്‍ നടത്തിയ തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു.