CrimeNationalNews

മോഡൽ ഹോട്ടലിൽ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് ഗുണ്ടാനേതാവായ കാമുകനെ കൊന്ന കേസിലെ പ്രതി

മുംബൈ: ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ മോഡലുമായ യുവതി ഹോട്ടലില്‍ വെടിയേറ്റു മരിച്ചു. ഗുരുഗ്രാം സ്വദേശിയായ ദിവ്യ പഹൂജ(27)യാണ് കൊല്ലപ്പെട്ടത്. കൊലപാതക കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് ദിവ്യയുടെ മരണം.

ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍ ചൊവ്വാഴ്ചയാണ് ദിവ്യ കൊല്ലപ്പെട്ടത്. ഹോട്ടലുടമയും ഡല്‍ഹിയിലെ വ്യവസായിയുമായ അഭിജിത് സിങ്ങാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ദിവ്യ പഹൂജയുടെ സഹോദരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അഭിജിത്തിനോപ്പമാണ് ദിവ്യ വീട്ടില്‍ നിന്ന് പോയതെന്നും ചൊവ്വാഴ്ച രാവിലെ വരെ ദിവ്യ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും സഹോദരിയുടെ പരാതിയില്‍ പറയുന്നു.

പിന്നീട് ദിവ്യയെ വിളിച്ചട്ട് കിട്ടിയില്ലെന്നും സഹോദരിയുടെ വിവരം തിരക്കി അഭിജിത് സിങ്ങിനെ വിളിച്ചെങ്കിലും സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പരാതിയിലുണ്ട്. ഗുണ്ടാനേതാവായ സന്ദീപ് ഗഡോലി കൊല്ലപ്പെട്ട കേസുമായി ദിവ്യയുടെ മരണത്തിന് ബന്ധമുണ്ടെന്നും സഹോദരി പരാതിയിൽ ആരോപിക്കുന്നു.

അതിനിടെ, അഭിജിത് സിങ്ങും മറ്റ് നാലു പേരും ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞ ഒരു മൃതദേഹം കാറില്‍ നിന്ന് വലിച്ചിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇവരില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

2016 ഫെബ്രുവരി ഏഴിനാണ് ഗുണ്ടാനേതാവ് സന്ദീപ് ഗഡോലി വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. ദിവ്യയുടെ കാമുകനായിരുന്നു സന്ദീപ് ഗഡോലി. ഇരുവരും മുംബൈയിലെ ഒരു ഹോട്ടലില്‍ തങ്ങുന്നതിനിടെയാണ് ഹരിയാന പോലീസ് മുറിയില്‍ കടന്നു കയറി സന്ദീപിനു നേരെ വെടിയുതിര്‍ക്കുന്നത്.

സന്ദീപ് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് വെടി വെച്ചതെന്നുമായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ സന്ദീപ് നിരായുധനായിരുന്നുവെന്നും പോലീസ് പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു എന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

സന്ദീപിന്റെ എതിരാളിയായ ബിന്ദര്‍ ഗുജ്ജാര്‍ എന്നയാള്‍ ഹരിയാന പോലീസിന്റെ സഹായത്തോടെ സന്ദീപിനെ വകവരുത്താന്‍ ശ്രമിച്ചതാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. ദിവ്യയെ സന്ദീപിനെ കുടുക്കാന്‍ ഹണി ട്രാപ്പായി ഉപയോഗിച്ചതാണെന്നും സന്ദീപിനെ കൊല്ലാന്‍ സഹായിച്ചത് ദിവ്യയാണെന്നും പോലീസ് പറയുന്നു. പിന്നാലെ 18-ാം വയസ്സില്‍ ദിവ്യ ജയിലിലായി. ഈ കേസില്‍ കഴിഞ്ഞവർഷമാണ് ദിവ്യ ജാമ്യത്തിലിറങ്ങിയത്.

ദിവ്യയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹവും മറ്റു പ്രതികളേയും കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button