ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഗെയിം കളിച്ചുകൊണ്ടിരുന്ന 12 വയസുകാരന് മൊബൈല്‍ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദാവാറിനടുത്തുള്ള ലിക്തീഡി ഗ്രാമത്തിലാണ് സംഭവം. അപകടത്തില്‍ ലഖന്‍ സിങ്കര്‍ എന്ന കുട്ടിയാണ് മരിച്ചത്. സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് കുട്ടി ഗെയിം കളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സ്ഫോടന ശബ്ദത്തോടെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ കുട്ടിയെ ആശുപുത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കനായില്ല. മൊബൈല്‍ ഫോണിന്റെ ബാറ്ററിയും ചാര്‍ജറും കുത്തിയിട്ടിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിത്തെറിച്ച നിലയിലായിരുന്നു. പൊട്ടിത്തെറിക്ക് ശേഷം കുട്ടി ബോധരഹിതനായി കിടക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണം സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ക്ക് ശേഷം ലഖന്റെ മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പോലീസ് പറഞ്ഞു.